മനാമ: കഴിഞ്ഞ ഒരു വർഷമായി തിരുവനന്തപുരം സ്വദേശി സാബു കബീർ കുഞ്ഞ് സ്ഥിരം ജോലിയൊ വിസയൊ ഇല്ലാതെ, സുഹൃത്തുക്കളുടെ സഹായത്തോടെ ചെറിയ ജോലികൾ ചെയ്ത് ബഹ്റൈനിൽ ജീവിച്ചു വരികയായിരുന്നു. അതിനിടയിൽ കടുത്ത പ്രമേഹം ബാധിച്ച് വിരലിൽ പഴുപ്പുണ്ടാകുകയും ചെയ്തു. ഡ്രൈവറായിരുന്ന ഇദ്ദേഹത്തിന് വിസ ഇല്ലാത്തതിനാൽ ലൈസൻസ് പുതുക്കാനുമായില്ല.
നാട്ടിലാണെങ്കിൽ മകളുടെ വിവാഹാവശ്യത്തിനായി ആകെയുള്ള വീട് വിറ്റത് കൊണ്ട് വാടക വീട്ടിൽ കഴിയുന്ന കുടുംബം വാടക കുടിശ്ശിക അധികമായതിനേതുടർന്ന് കുടിയിറക്ക് ഭീഷണിയിലുമാണ്.
ഈയവസരത്തിൽ ബഹ്റൈൻ സംസ്കൃതിയുടെ അംഗങ്ങൾ അദ്ദേഹത്തിന്റെ സഹായത്തിനെത്തുകയായിരുന്നു. ബഹ്റൈൻ സംസ്കൃതി അംഗങ്ങൾ ആയ ജോതിഷ്, സന്തോഷ് എന്നിവർ സഹായത്തിനെത്തുകയും, അദ്ദേഹത്തിന്റെ അവസ്ഥ സംസ്കൃതിയുടെ സേവ പ്രമുഖ് അനിൽ മടപ്പള്ളിയെ അറിയിക്കുകയും ചെയ്തു. വിവോയിൽ നിന്നും ഫോൺ എടുത്ത തിരിച്ചടവിൽ കുടിശ്ശിക വരുത്തിയത് കൊണ്ട് യാത്രാവിലക്ക് ഉണ്ടായിരുന്ന സാബു കബീർ കുഞ്ഞിന്റെ ആ കടബാധ്യത അടച്ചു തീർത്തതിന് ശേഷം, എൽ. എം .ആർ .എ യിൽ ഉണ്ടായിരുന്ന നടപടി ക്രമങ്ങളും പൂർത്തിയാക്കി സംസ്കൃതി തന്നെ നാട്ടിലേക്കുള്ള ടിക്കറ്റ് എടുത്ത് നൾകുകയായിരുന്നു.
തനിക്ക് നാട്ടിലേക്ക് മടങ്ങാൻ അവസരമുണ്ടാക്കിയ സംസ്കൃതിയുടെ പ്രവർത്തകർക്ക് സാബു കബീർ കുഞ്ഞ് നന്ദി പറഞ്ഞു.
സംസ്കൃതി ഓഫീസിൽ നടന്ന ചടങ്ങിൽ ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ, സാബു കബീർ കുഞ്ഞിന് ടിക്കറ്റ് നൾകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു.