മനാമ: ജനുവരി 28 ന് ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (ബിഐഎ) പുതിയ പാസഞ്ചർ ടെർമിനൽ പ്രവർത്തനം ആരംഭിക്കുന്നതിന് മുന്നോടിയായി, സൗകര്യങ്ങളുടേയും ഉദ്യോഗസ്ഥരുടേയും കാര്യക്ഷമത ഉറപ്പുവരുത്താൻ ബഹ്‌റൈൻ എയർപോർട്ട് കമ്പനി (ബിഎസി) ചെയർമാൻ കൂടിയായ, ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രി, കമൽ ബിൻ അഹമ്മദ് മുഹമ്മദ് വിമാനത്താവളം സന്ദർഷിച്ചു.
ഉദ്യോഗസ്ഥരുടെ തയ്യാറെടുപ്പുകളെ അഭിനന്ദിച്ച മന്ത്രി, സൗകര്യങ്ങളുടെ നടത്തിപ്പിനും പ്രവർത്തനത്തിനും ചുക്കാൻ പിടിച്ച, മുഴുവൻ ഉദ്യോഗസ്ഥരുടേയും കഴിവിൽ അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. എഞ്ചിനീയറിംഗ് കൺട്രോൾ സെന്റർ, എയർപോർട്ട് ഓപ്പറേഷൻ സെന്റർ, നെറ്റ്‌വർക്ക് ഓപ്പറേഷൻ സെന്റർ, ബാഗേജ് ഓപ്പറേഷൻ സെന്റർ, ഫയർ കമാൻഡ് സെന്റർ എന്നിവിടങ്ങളിലെ നിർമ്മാണത്തിന്റെ ഉയർന്ന നിലവാരം അദ്ദേഹം ശ്രദ്ധിച്ചു. ഈ വിഭാഗങ്ങളിൽ നൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയത് വിമാനത്താവളത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുകയും യാത്രക്കാരുടെയും മറ്റ് ജീവനക്കാരുടെയും ആവശ്യങ്ങളോട് സമയബന്ധിതമായി പ്രതികരിക്കാൻ ജീവനക്കാരെ പ്രാപ്തരാക്കുകയും ചെയ്യുമെന്ന് അദ്ദേഹം വിലയിരുത്തി.
എയർപോർട്ട് വിപുലീകരണത്തിൽ പങ്കാളികളായ ഉദ്യോഗസ്ഥരിലും, സാങ്കേതിക വിദഗ്ധരിലും ഭൂരിപക്ഷം ബഹ്റൈൻ പൗരന്മാരാണെന്നതും, ഇത്തരമൊരു അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന നിർമാണപ്രവർത്തനം രാജ്യത്തിന് തദ്ദേശീയരായ സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തിൽ പൂർത്തിയാക്കാനായത് അഭിമാനകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പൗരന്മാർക്ക് കൂടുതൽ അവസരങ്ങൾ നൽകുന്ന, ‘ബഹ്റൈനൈസേഷൻ’ എന്ന നയത്തിന്റെ ഭാഗമായി എയർപോർട്ടിലെ ബാഗേജ് ഹാൻഡിലിംഗ് ഡിപ്പാർട്ട്‌മെന്റ്, എയർപോർട്ട് ഓപ്പറേഷൻ സെന്റർ തുടങ്ങിയ ഉയർന്ന സുരക്ഷ ആവശ്യമായ മേഖലകളിൽ ഒക്കെ സമർത്ഥരായ ബഹ്റൈൻ പൗരന്മാരെ തന്നെ വിന്യസിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.