ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ റിപ്പബ്ലിക് ദിനത്തില്‍ നടത്തുന്ന ട്രാക്ടര്‍ റാലിക്ക് ഡല്‍ഹി പോലീസ് അനുമതി നൽകി. സമരക്കാർക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാമെന്നും എന്നാല്‍ റിപ്പബ്ലിക് ദിന പരേഡിന് തടസ്സമുണ്ടാക്കരുതെന്നും ഡല്‍ഹി പോലീസ് അറിയിച്ചു. ട്രാക്ടര്‍ റാലിയുടെ റൂട്ട് മാപ്പ് സമരക്കാര്‍ ഡല്‍ഹി പോലീസിന് സമര്‍പ്പിച്ചിരുന്നു. പോലീസും സമരക്കാരുടെ പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. റാലി സമാധാനപരമായിരിക്കുമെന്ന് കര്‍ഷകര്‍ പോലീസിന് ഉറപ്പു നല്‍കിയിരുന്നു.
നഗരത്തില്‍ ഏതാനും കിലോമീറ്ററുകള്‍ മാത്രം പ്രവേശിക്കാനാണ് അനുമതി. റാലിയില്‍ എത്ര ട്രാക്ടറുകള്‍ അണിനിരക്കും എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. രാവിലെ 11.30 ഓടെ റിപ്പബ്ലിക് ദിന പരിപാടികള്‍ അവസാനിച്ചതിനു ശേഷം മാത്രമേ റാലി ആരംഭിക്കാന്‍ പാടുള്ളൂ. ട്രാക്ടര്‍ റാലിയോടനുബന്ധിച്ച് ശക്തമായ പോലീസ് സന്നാഹമാണ് ഒരുക്കുന്നത്. റിപ്പബ്ലിക് ദിനാഘോഷത്തിന് സുരക്ഷയൊരുക്കുന്ന പോലീസുകാര്‍തന്നെ ട്രാക്ടര്‍ റാലിക്കും സുരക്ഷ ഒരുക്കും. രാജ്പഥില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ് അവസാനിച്ചതിനു ശേഷം മാത്രമേ ട്രാക്ടര്‍ റാലി നടത്താന്‍ പാടുള്ളൂ എന്നും കർഷകർക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്.