മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദ്ദേശപ്രകാരം ഇന്ന് (ജനുവരി 28 വ്യാഴാഴ്ച) ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിന്റെ (ബിഐഎ) പുതിയ പാസഞ്ചർ ടെർമിനലിൽ പ്രവർത്തനം ആരംഭിച്ചു.
വിമാനത്താവളത്തിന്റെ എല്ലാ സൗകര്യങ്ങളും തയ്യാറാണെന്നും,
പുതിയ ടെർമിനലിലേക്കുള്ള മാറ്റം ബഹ്‌റൈൻ വ്യോമയാന മേഖലയ്ക്ക് ഒരു പുതിയ യുഗത്തിന്റെ തുടക്കമായിരിക്കുമെന്നും ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ, ബഹ്‌റൈൻ എയർപോർട്ട് കമ്പനി (ബിഎസി) കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേതൃത്വത്തിൽ പുതിയ ടെർമിനൽ പ്രവർത്തനം ആരംഭിക്കുന്നത് മന്ത്രാലയത്തിനും ബിഎസിക്കും ഒരു പ്രധാന ചുവടുവെപ്പാണെന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രിയും, ബിഎസി ചെയർമാനുമായ കമൽ ബിൻ അഹമ്മദ് മുഹമ്മദ് അഭിപ്രായപ്പെട്ടു.
കിരീടാവകാശി ഈ പദ്ധതിക്ക് നൽകിയ സംഭാവനകളെ മന്ത്രി പ്രശംസിക്കുകയും അദ്ദേഹത്തിന്റെ മാർഗ്ഗനിർദ്ദേശത്തിന് നന്ദി അറിയിക്കുകയും ചെയ്തു. ഇക്കണോമിക് വിഷൻ 2030 പിന്തുടർന്ന് രാജ്യത്തിന്റെ നിരവധി മികച്ച നേട്ടങ്ങൾക്ക് അദ്ദേഹം നൽകിയ സംഭാവനകളെ വിശദീകരിക്കുകയും ചെയ്തു.
2016 ഫെബ്രുവരിയിൽ ആരംഭിച്ച എയർപോർട്ട് മോഡേണൈസേഷൻ പ്രോഗ്രാം(എഎംപി) ബഹ്‌റൈനിന്റെ വ്യോമയാന മേഖലയിലെ ഇന്നുവരെയുള്ള ഏറ്റവും വലിയ നിക്ഷേപവും, രാജ്യചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നുമാണെന്ന് മന്ത്രി പറഞ്ഞു. പുതിയ ടെർമിനലിന്റെ വികസനത്തിന്റെ ആദ്യ ഘട്ടത്തിൽ കൈവരിച്ച പുരോഗതിയിലും ഈ പദ്ധതി ആരംഭിച്ചതുമുതൽ എല്ലാവരേയും വിശേഷിച്ച് ‘ടീം ബഹ്‌റൈൻ’ പ്രകടിപ്പിച്ച സ്ഥിരോത്സാഹത്തിലും മന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു.
“ഞങ്ങളുടെ തന്ത്രപരമായ പങ്കാളികൾക്കും, കരാറുകാർക്കും ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന എല്ലാ കമ്പനികൾക്കും ഈ ദേശീയ പദ്ധതിക്ക് ശക്തമായ പിന്തുണ നൽകിയ എല്ലാവർക്കും ഞാൻ നന്ദി പറയുന്നു” മന്ത്രി പറഞ്ഞു.
വർഷങ്ങളുടെ ശ്രദ്ധാപൂർവ്വമായ ആസൂത്രണത്തിന്റെയും കഠിനാധ്വാനത്തിന്റെയും പര്യവസാനമാണിതെന്നും.
ഇത് രാജ്യത്തിന്റെ സമ്പന്നമായ വ്യോമയാന ചരിത്രത്തിലെ ആവേശകരമായ ഒരു പുതിയ അധ്യായത്തിന്റെ ആരംഭം ആണെന്നും മേഖലയിലെ ഏറ്റവും ആധുനിക വിമാനത്താവളമായി ബിഐഎ മാറുമെന്നും ബിഎസി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മുഹമ്മദ് യൂസിഫ് അൽ ബിൻഫാല പറഞ്ഞു .
തദ്ദേശീയരായ സാങ്കേതിക വിദഗ്ധരുടെ മുൻകയ്യിൽ എയർപോർട്ട് നവീകരണം പൂർത്തിയാക്കാനായത് രാജ്യത്തിന്റെ നേട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.
32 ബില്യൺ യുഎസ് ഡോളറിലധികം മൂല്യമുള്ള നിക്ഷേപങ്ങളുമായി, നാല് വർഷം കൊണ്ട് പൂർത്തീകരിച്ച, സമീപകാലത്തെ ഏറ്റവും പ്രധാനപ്പെട്ട വികസന പദ്ധതികളിലൊന്നാണ് എഎംപി.
സുരക്ഷ, ആഡംബരം, പാരിസ്ഥിതിക സുസ്ഥിരത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്,
യാത്രക്കാരുടെ ഷോപ്പിംഗ് അനുഭവങ്ങൾ വർദ്ധിപ്പിക്കുന്നതിനായി, അറിയപ്പെടുന്ന ബ്രാൻഡുകളെ ആകർഷിക്കാനും എഎംപി അവസരമൊരുക്കുന്നു.
പഴയ ടെർമിനലിന് തടസ്സങ്ങളൊന്നുമില്ലാതെ പുതിയ ടെർമിനൽ പ്രവർത്തനക്ഷമമാക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി.
എഎംപി ടീം അക്കാര്യത്തിൽ പൂർണമായും വിജയിച്ചിരിക്കുന്നു.
പഴയതിനെ അപേക്ഷിച്ച് നാലിരട്ടി വലിപ്പമുള്ളതും ബഹ്റൈന്റെ തനത് ശൈലിയിൽ നിർമിക്കപ്പെട്ടതുമാണ് പുതിയ ടെർമിനൽ.
വിപണിയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളുള്ളതും പുതിയ ഇൻഫ്രസ്ട്രക്ചർ സൗകര്യങ്ങളുമുള്ള ഈ ടെർമിനൽ വിമാനത്താവളത്തിന്റെ ശേഷി പ്രതിവർഷം 14 ദശലക്ഷം യാത്രക്കാരായി വർദ്ധിപ്പിക്കും ഇത് യാത്രക്കാരുടെ തടസ്സങ്ങൾ നീക്കി ഉല്ലാസകരമായ യാത്രാനുഭവം സാധ്യമാക്കുന്നു.
ഇന്ന് ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിന്റെ പുതിയ പാസഞ്ചർ ടെർമിനൽ പ്രവർത്തനം ആരംഭിക്കാനിരിക്കവേ, ഖലീഫ അൽ കബീർ ഹൈവേ, എയർപോർട്ട് റോഡ് വഴി പുതിയ ടെർമിനലിലേക്ക്എങ്ങനെ എത്തിച്ചേരാമെന്ന് ബഹ്‌റൈൻ എയർപോർട്ട് കമ്പനി (ബിഎസി) യാത്രക്കാരെ അറിയിച്ചു.
“ദീർഘനേരം പാർക്ക് ചെയ്യുന്നതിനായി, വലതുവശത്ത് എയർപോർട്ട് റോഡിലേക്ക് തിരിഞ്ഞ്, ടെർമിനലിന് എതിർവശത്തുള്ള കാർ പാർക്ക് ‘ഡി’ യിലേക്ക് പോകുക.
മൾട്ടി-സ്റ്റോർ കാർക്ക് പാർക്കിൽ (ബി) ഹ്രസ്വകാല പാർക്കിംഗിനായി, ആദ്യത്തെ ഇടതുവശത്തേക്ക് തിരിയുക,” ബിഎസി പ്രസ്താവനയിൽ പറഞ്ഞു.
അറൈവൽ ഏരിയയിൽ എത്താൻ, രണ്ടാമത്തെ ടേണിൽ വലതുവശത്തേക്ക് പോകാനും, ഡിപ്പാർച്ചേഴ്സ് ഏരിയയിൽ മുന്നോട്ട് പോയി മൂന്നാം ടേണിൽ ഇടത് വശത്തേക്ക് തിരിഞ്ഞാൽ യാത്രക്കാരുടെ ഡ്രോപ്പ്-ഓഫ് പോയിന്റിലേക്ക് എത്താമെന്നും ബിഎസി കൂട്ടിച്ചേർത്തു.