ശ്രീനഗർ: ജമ്മു കശ്മീരിലെ അവന്തിപോരയില്‍ സുരക്ഷാസേനയും ഭീകരവാദികളും ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ മൂന്ന് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു. അവന്തിപോരയിലെ ട്രാല്‍ ഏരിയയിലെ മണ്ടൂരയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല.
തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിനേത്തുടര്‍ന്ന് സുരക്ഷാസേന പ്രദേശത്ത് തിരച്ചില്‍ നടത്തുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ സേനയ്ക്ക് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. പോലീസിന്റേയും സുരക്ഷാ സേനയുടേയും സംയുക്ത നീക്കത്തിലാണ് ഭീകരവാദികളെ വധിച്ചത്.