മനാമ: ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ ടെർമിനലിൽ വിമാന സർവീസുകൾ ആരംഭിച്ചു. ബഹ്റൈൻ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയറിന്റെ ജിഎഫ്2130 നമ്പർ എ320 എയർബസ് എന്ന വിമാനം പുതിയ ടെർമിനലിൽ നിന്നും ഇന്നലെ ഡൽഹിലേക്ക് പറന്നതോടെ, പുതിയ ടെർമിനലിൽ നിന്നും വ്യവസായിക അടിസ്ഥാനത്തിൽ ഉള്ള വിമാന സർവീസുകൾക്ക് തുടക്കമായി. പ്രാദേശിക സമയം 14:35 നാണ് വിമാനം ടേക്കോഫ് ചെയ്തത്. ബഹ്റൈൻ സമയം 14:50 ന് ലാഹോറിൽ നിന്നും വന്നിറങ്ങിയ ഗൾഫ് എയറിന്റെ തന്നെ ജിഎഫ്765 നമ്പർ ബോയിംഗ് 787-9ഡ്രീംലൈനർ വിമാനം ആയിരുന്നു പുതിയ ടെർമിനലിലേക്ക് ആദ്യമായി വന്നിറങ്ങിയ വിമാനം.
ഗൾഫ് എയറിന്റെ തന്നെ, പ്രദേശിക സമയം 10:55 ന് ദുബായിലേക്ക് പുറപ്പെട്ട ജിഎഫ് 504 നമ്പർ എയർബസ് എ 320 നിയൊ ആയിരുന്നു പഴയ ടെർമിനലിൽ നിന്നും ടേക്കോഫ് ചെയ്ത അവസാന വിമാനം. ഇതോടെ ബഹ്റൈന്റെ വ്യോമയാന ചരിത്രത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കമായി.
ബഹ്റൈന്റെ വാണിജ്യ താൽപര്യങ്ങളെ പരിപോഷിപ്പിക്കുന്നതിൽ പുതിയ ടെർമിനൽ ഒരു പ്രധാന പങ്ക് വഹിക്കും.പുതിയ എയർപോർട്ട് ടെർമിനലിൽ ഗൾഫ് എയറിലെ ഫാൽക്കൺ ഗോൾഡ്, ഇക്കോണമി ക്ലാസ് യാത്രക്കാർക്കായി ഒരു പ്രത്യേക ചെക്ക്-ഇൻ ഏരിയയും പഴയ വിമാനത്താവളത്തിലെ മുമ്പത്തേതിനേക്കാൾ ഇരട്ടി വലുപ്പവും ശേഷിയുമുള്ള ഒരു പുതിയ ഫാൽക്കൺ ഗോൾഡ് ലോഞ്ചും ഉൾപ്പെടുത്തും.
അത്യാധുനിക ആരോഗ്യസുരക്ഷാനടപടികൾ പൂർത്തിയാക്കിയ പുതിയ ടെർമിനൽ ഒരേസമയം ആധുനിക സുഖസൗകര്യങ്ങൾ നിലനിർത്തിക്കൊണ്ട് 70 വർഷത്തെ സമ്പൂർണമായ ചരിത്രമുള്ള ഗൾഫ് എയറിന്റെ പാരമ്പര്യത്തിന്റെ പ്രൗഢിയും വിളിച്ചു പറയുന്നു.