മനാമ: ബഹ്‌റൈനിലെ ഏറ്റവും വലിയ പ്രൈവറ്റ് ഹോസ്പിറ്റൽ ആയ മിഡിൽ ഈസ്റ്റ് ഹോസ്പിറ്റലിന് നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയുടെ പ്ലാറ്റിനം അക്രഡിറ്റേഷൻ ലഭിച്ചു. അംഗീകാരപത്രം മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചെയർമാൻ വർഗീസ് കുര്യൻ സുപ്രീം ഹെൽത്ത് കൗൺസിൽ പ്രസിഡണ്ട് ഡോക്ടർ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫയിൽ നിന്നും സ്വീകരിച്ചു.
അംവാജ് ഐലൻഡിലെ ദി ഗ്രൂപ് ഹോട്ടലിൽ നടന്ന ചടങ്ങിൽ വിവിധ ആശുപത്രി മേധാവികളും ആരോഗ്യ രംഗത്തെ പ്രമുഖരുമടങ്ങുന്നവർ സന്നിഹിതരായിരുന്നു. ദേശീയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായാണ് രാജ്യത്ത് മെച്ചപ്പെട്ട ആരോഗ്യ സംവിധാനം ഉറപ്പാക്കുന്നതിനുള്ള നടപടികൾ ഊർജിതപ്പെടുത്തിയിട്ടുള്ളത്.
കൂടുതൽ സേവനങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുവാൻ ഈ അംഗീകാരം പ്രചോദനമാകുന്നുവെന്നു മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചെയർമാൻ വർഗീസ് കുര്യൻ പറഞ്ഞു.