മനാമ: മുഹറഖിൽ മൊബൈൽ ഫുഡ് ട്രക്കുകൾക്ക് പുതിയ നിയമം നിലവിൽ വന്നു. റെസിഡൻഷ്യൽ മേഖലകളിലും, ആളൊഴിഞ്ഞ മേഖലകളിലും ബാധകമായ പ്രത്യേക നിയമങ്ങളാണ് മുനിസിപ്പാലിറ്റി പുറത്തിറക്കിയത്.
റെസിഡൻഷ്യൽ ഏരിയകളിൽ രാവിലെ ആറു മണി മുതൽ രാത്രി പന്ത്രണ്ട് മണിവരെ ആണ് കച്ചവടത്തിന് അനുമതി. കച്ചവടം ഇല്ലാത്ത സമയത്ത് വാഹനം അവിടെ പാർക്ക് ചെയ്യാൻ അനുമതി ഇല്ല, റെസിഡൻഷ്യൽ ഏരിയയുടെ 20 മീറ്റർ ദൂരപരിധിയിൽ ആണ് കച്ചവടമെങ്കിൽ പൂട്ടിപോകുമ്പോൾ കസേരകളും മേശകളും കൊണ്ട് പോകണം. നിയമങ്ങൾ പാലിച്ച്, താമസക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിൽ ആയിരിക്കണം കച്ചവടം എന്ന് അധികൃതർ വ്യക്തമാക്കി.
ഗതാഗത കുരുക്ക് ഉണ്ടാക്കാതെ ഉപഭോക്താക്കൾക്ക് അവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും കച്ചവടക്കാർ ഒരുക്കണം.
സ്ഥലം ഉടമകളുടെ സമ്മതത്തോടെ മാത്രമേ അവരുടെ സ്ഥലത്ത് കച്ചവടം ചെയ്യാവു എന്നും, റോഡിൽ പാർക്ക് ചെയ്യരുതെന്നും, ട്രാഫിക് ലൈറ്റുകളുടെ 50 മീറ്റർ പരിധിയിൽ കച്ചവടം പാടില്ലെന്നും, ഒച്ചയൊ, മറ്റു മലിനീകരണങ്ങളൊ പാടില്ലെന്നും, തീ കെടുത്തുന്ന ഉപകരണം ഉൾപ്പെടെ സുരക്ഷാ മാനദണ്ഡങ്ങൾ ക്രമീകരിക്കണമെന്നും പുതിയ ഉത്തരവിൽ പറയുന്നു.
അതേസമയം കച്ചവടം റെസിഡൻഷ്യൽ ഏരിയയിൽ അല്ലെങ്കിൽ നിയമത്തിൽ ഇളവുകൾ ഉണ്ട്. പുതിയ നിയമഭേദഗതി കച്ചവടക്കാരെയും, ഉപഭോക്താക്കളേയും, താമസക്കാരെയും ഒരുപോലെ പരിഗണിക്കുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി.