അബുദാബി: അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് ഒന്നാം സമ്മാനം 30 കോടി (15 ദശലക്ഷം ദിർഹം) കുടുംബത്തോടൊപ്പം ഖത്തറിൽ താമസിക്കുന്ന തൃക്കരിപ്പൂർ വടക്കേ കൊവ്വൽ സ്വദേശിനി തസ്‌ലീന പുതിയപുരയിലിന് ലഭിച്ചു. ഖത്തറിലെ ദോഹയിൽ ഭർത്താവിനും മൂന്ന് മക്കൾക്കുമൊപ്പം താമസിക്കുന്ന തസ്‌ലീന ജനുവരി 26-ന് ഓൺലൈനായെടുത്ത ടിക്കറ്റ് 291310 നമ്പറിനാണ് സമ്മാനം ലഭിച്ചത്. പ്രമുഖ ഹോട്ടൽ ശൃംഖലയായ എം.ആർ.എ.യുടെ ഉടമകളിലൊരാളായ അബ്ദുൽ ഖദ്ദാഫാണ് ഭർത്താവ്. തമിഴ് സിനിമാതാരം ആര്യയുടെ (ജംഷി) സഹോദരി കൂടിയാണ് തസ്‌ലീന. ഇത്തവണ ബിഗ് ടിക്കറ്റിന്റെ മുഴുവൻ നറുക്കും ലഭിച്ചത് ഇന്ത്യക്കാർക്കാണ്. ഇവരിൽ ഭൂരിഭാഗവും മലയാളികളാണ്. ദുബായിൽ ജോലി ചെയ്യുന്ന പ്രേം മോഹൻ രണ്ടാം സമ്മാനം മൂന്നരലക്ഷം ദിർഹം(69.5 ലക്ഷം രൂപ) നേടി. മൂന്നാം സമ്മാനം ഒരു ലക്ഷം ദിർഹം (19 ലക്ഷത്തോളം രൂപ) അലി അസ്‌കറിന് ലഭിച്ചു. നാലാം സമ്മാനത്തിന് 80,000 ദിർഹം (15 ലക്ഷത്തോളം രൂപ) നിധിൻ പ്രകാശും അർഹനായി. ബിഗ് ടിക്കറ്റിന്റെ ആഡംബര കാർ നറുക്കും ഇന്ത്യക്കാരി സ്വന്തമാക്കി.
