മനാമ: 1969 ഫെബ്രുവരി 5 ന് ആദ്യ ബാച്ച് സ്ഥാപിതമായതിൻ്റെ ഓർമ പുതുക്കി ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് 53-ാം വാർഷിക ദിനം ആചരിച്ചു. കർമ്മധീരരായ സൈനികർക്ക് ദീർഘകാല സേവനത്തിനും പ്രവർത്തന മികവുകൾക്കും അഭിനന്ദന മെഡലുകൾ നൽകുന്നത് ഉൾപ്പെടെയുള്ള പരിപാടികൾ ആഘോഷത്തോടനുബന്ധിച്ച് നടന്നു.
രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ഭരണ കാലഘട്ടത്തിൽ ബിഡിഎഫ് കൈവരിച്ച നേട്ടം രാജ്യത്തെ ജനങ്ങൾക്ക് തന്നെ അഭിമാനം പകരുന്നതാണ്. സൈന്യത്തെ സ്ഥാപിക്കാനും വികസിപ്പിക്കാനുമുള്ള ആദ്യ കമാൻഡർ-ഇൻ-ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫയുടെ പിന്തുണയുടേയും പരിശ്രമത്തിന്റേയും ഫലമായാണ് ഗൾഫ് മേഖലയിലെ പ്രധാന സൈനിക ശക്തിയായി ബി ഡി എഫ് ന് മാറാൻ സാധിച്ചതെന്ന് വാർഷികാഘോഷ വേളയിൽ അനുസ്മരിച്ചു.
വാർഷികത്തോടനുബന്ധിച്ച് ബഹ്റിന്റെ പുതിയ യുദ്ധക്കപ്പലുകളും ഉദ്ഘാടനം ചെയ്തു. ആർ.ബി.എൻ.എസ് അൽ സുബാറ, അൽ അറീൻ, മഷ്ഹുർ, അൽ ദൈബാൽ, അസ്കർ, ജോ, അൽ ഹിദ്ദ്, തഗ്ലീബ് എന്നീ കപ്പലുകളാണ് ഉദ്ഘാടനം ചെയ്തത്. ബി.ഡി.എഫ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫയെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ സുപ്രീം കമാൻഡർ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ നിയോഗിച്ചു. മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. ആർ.ബി.എൻ.എസ് അൽ സുബാറ ഉദ്ഘാടനം ചെയ്ത ബി.ഡി.എഫ് കമാൻഡർ ഇൻ ചീഫ് കപ്പലിൽ ദേശീയ പതാക ഉയർത്തി. തുടർന്ന് മറ്റു കപ്പലുകളിലും ദേശീയ പതാക ഉയർത്തി.