മനാമ: മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ സൂക്ഷിച്ച യുവാവിന് ജയിൽ ശിക്ഷ വിധിച്ച് ബഹ്റൈൻ കോടതി. ഇരുപത്തിയേഴ് വയസ്സ് പ്രായമുള്ള പുതുതായി വിവാഹിതനായ ബഹ്റൈനി യുവാവിനെയാണ് ബഹ്റൈനിലെ ലോവർ ക്രിമിനൽ കോടതി ആറ് മാസത്തെ ജയിൽ ശിക്ഷക്ക് വിധിച്ചത്.
വിവാഹിതനായി ഏതാണ്ട് ഒരു മാസം മാത്രം പിന്നിടുമ്പോഴാണ് പോണോഗ്രാഫിക് വീഡിയോ കൈവശം വെച്ച കുറ്റത്തിന് യുവാവ് ജയിൽ ശിക്ഷ നേരിടേണ്ടി വന്നത് എന്നാണ് ലഭിക്കുന്ന വിവരം. പതിനൊന്ന് വയസ്സ് പ്രായമുള്ള കുട്ടിയെ അശ്ലീല വീഡിയോ കാണിച്ച ശേഷം ഉപദ്രവിക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടി മാതാപിതാക്കളെ വിവരമറിയിക്കുകയും തുടർന്ന് നടന്ന കേസിലാണ് കോടതിയുടെ നടപടി. കഴിഞ്ഞ ദിവസം കോടതിയിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നു. അതേ സമയം കുട്ടിയോട് അസ്വാഭാവികമായി പെരുമാറാൻ ശ്രമിച്ച കുറ്റത്തിൽ നിന്ന് കോടതി ഇയാളെ വെറുതെ വിട്ടു. ഉപദ്രവിക്കാൻ ശ്രമിക്കുന്നതിന് മുമ്പ് ഇയാൾ തന്നെ അശ്ലീല വീഡിയോ കാണിച്ചു എന്ന് കുട്ടി കോടതിയിൽ മൊഴി നൽകിയിരുന്നു. സംഭവത്തിന് ശേഷം കുട്ടിയുടെ രക്ഷിതാക്കൾ ഇടപെട്ടാണ് നിയമ നടപടികളിലേക്ക് നീങ്ങിയത്.