മനാമ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി റഷ്യൻ നിർമ്മിത സ്പുട്നിക് വാക്സിൻ സ്വീകരിക്കാൻ ജനങ്ങളോട് ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാൻ ആവശ്യപ്പെട്ട് ബഹ്റൈൻ ആരോഗ്യമന്ത്രാലയം. മന്ത്രാലയത്തിന്റെ വെബ്സൈറ്റായ healthalert.gov.bh വഴിയോ ബിഅവെയർ അപ്ലിക്കേഷൻ വഴിയോ ആണ് രജിസ്ട്രേഷൻ ചെയ്യേണ്ടത്. രജിസ്ട്രേഷൻ കഴിഞ്ഞ ശേഷം വെബ്സൈറ്റിൽ നൽകിയിരിക്കുന്ന മൊബൈൽ നമ്പറിലേക്ക് ആദ്യ ഡോസ് വാക്സിൻ എടുക്കേണ്ട ദിവസവും സ്ഥലവും അറിയിച്ചുകൊണ്ടുള്ള മെസ്സേജ് ലഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഗമാലയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി ആൻഡ് മൈക്രോബയോളജിയാണ് വാക്സിൻ വികസിപ്പിച്ചെടുത്തിരിക്കുന്നത്. കൊവിഷീൽഡ്, ഫെെസർ ബയേ എൺ ടെക്ക്, സിനോഫാം എന്നിവ ഉൾപ്പെടെ നാല് വാക്സിനുകളാണ് ബഹറൈൻ ഇതുവരെ അംഗീകരിച്ചിരിക്കുന്നത്. ബഹ്റൈനിലെ പൗരന്മാർക്കും താമസക്കാർക്കും സൗജന്യമായി വാക്സിൻ നൽകാനാണ് സർക്കാർ തീരുമാനം.