ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായ എട്ടാം ദിവസവും ഇന്ധനവിലയിൽ വർധനവ്. പെട്രോളിന് 26 പൈസയും ഡീസലിന് 31 പൈസയുമാണ് വർധിപ്പിച്ചത്. ഉത്തരേന്ത്യയിലെ വിദൂര ഗ്രാമങ്ങളിൽ പെട്രോൾ വില 100 രൂപയിൽ കൂടുതലായി. രാജസ്ഥാനിലെ ശ്രീഗംഗാ നഗറിൽ പെട്രോൾ വില നൂറിലെത്തി. മഹാരാഷ്ട്രയിലെ പർബനിയിൽ പെട്രോൾ വില 101 രൂപയ്ക്കടുത്തെത്തി. കേരളത്തിലും ഇന്ധനവില ദിനംപ്രതി വർധിക്കുകയാണ്. ഇന്ന് തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 90 രൂപ 89 പൈസയും ഡീസലിന് 85 രൂപ 33 പൈസയുമായി. പാചകവാതക വിലയിലും ഇന്ന് മുതൽ വർധനവുണ്ടായി. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് തിരുവനന്തപുരത്ത് 778 രൂപ 50 പൈസയും കൊച്ചിയിൽ 776 രൂപയുമാണ് വില.