ചണ്ഡിഗഢ് : പഞ്ചാബ് തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകൾ പുറത്തുവരുമ്പോൾ എട്ട് മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലും 109 നഗര പഞ്ചായത്തുകളിലും കോണ്‍ഗ്രസിന് മുന്നേറ്റം. ബിജെപിയും അകാലിദളും ഏറെ പിന്നിലാണ്. ബിജെപിയുടെ സഖ്യകക്ഷിയായ ശിരോമണി അകാലിദളിനും വന്‍ തിരിച്ചടി നേരിട്ടുവെന്നാണ് ആദ്യ ഫല സൂചനകള്‍ നല്‍കുന്നത്. കോണ്‍ഗ്രസ്സിന് വന്‍ നേട്ടമാണ് ഉണ്ടായിരിക്കുന്നത്. എട്ട് മുൻസിപ്പൽ കോർപ്പറേഷനുകളിലെ 2302 വാർഡുകളിലേക്കും, 109 മുൻസിപ്പൽ കൌൺസിൽ നഗർ പഞ്ചായത്തുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. കർഷകനിയമങ്ങൾക്കെതിരെ പ്രക്ഷോഭം അലയടിക്കുന്ന പഞ്ചാബിൽ നിയമങ്ങൾ പാസ്സാക്കിയ ശേഷം നടക്കുന്ന ആദ്യതെരഞ്ഞെടുപ്പിൽ ജനരോഷം വ്യക്തമാണ്.
71.39 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ ബിജെപി അനുകൂലതരംഗമല്ല കാണുന്നത്.
സിറാഖ്പുരില്‍ കോണ്‍ഗ്രസ്സ് വിജയിച്ചു. ശിരോമണി അകാലിദളിന്റെ ശക്തികേന്ദ്രമായ ജലാലാബാദിലും കോണ്‍ഗ്രസ്സാണ് മുന്നില്‍. ഫാസിൽക, ജാഗ്രാവ്, അബോഹർ, മോഗ എന്നിവിടങ്ങളിലും കോൺഗ്രസ്സിന്റെ മുന്നേറ്റമാണ് തുടരുന്നത്. ബിജെപിക്ക് വേണ്ടി മത്സരിക്കാന്‍ പോലും ആളില്ലാത്ത സ്ഥിതി വിശേഷമായിരുന്നു പഞ്ചാബില്‍. കർഷകനിയമങ്ങൾക്കെതിരെ പഞ്ചാബിലെ ജനം വിധിയെഴുതുന്ന തെരഞ്ഞെടുപ്പാകും ഇതെന്നും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് പറഞ്ഞു.