അഹമ്മദാബാദ്: ഗുജറാത്ത് മുനിസിപ്പല്‍ തിരഞ്ഞെടുപ്പിൽ വന്‍ വിജയം നേടി ബിജെപി. തിരഞ്ഞെടുപ്പ് നടന്ന ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും ബിജെപി ഇത്തവണയും തൂത്തുവാരി. 576 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 449 സീറ്റുകള്‍ ബിജെപി നേടി. കോൺഗ്രസിന് 44 സീറ്റുകൾ മാത്രമേ നേടാൻ സാധിച്ചുള്ളൂ. ആംആദ്മി പാര്‍ട്ടി 19 സീറ്റുകള്‍ നേടി. ബിഎസ്പി 3 സീറ്റുകള്‍ നേടി. സ്വതന്ത്ര്യന്‍ 1 സീറ്റില്‍ വിജയിച്ചു.
കഴിഞ്ഞ തവണ 36 സീറ്റുകളില്‍ ജയിച്ചിരുന്ന സൂറത്തില്‍ ഇത്തവണ കോണ്‍ഗ്രസ് വന്‍തിരിച്ചടിയാണ് നേരിട്ടത്. അതേ സമയം ആം ആദ്മി പാര്‍ട്ടി 27 സീറ്റുകള്‍ പിടിച്ചു. സൂറത്തിലെ 120 സീറ്റുകളില്‍ 93 സീറ്റുകളോടെയാണ് ബിജെപി അധികാരം നിലനിര്‍ത്തിയത്. അഹമ്മദാബാദ് കോര്‍പ്പറേഷനില്‍ 145 ല്‍ 126 സീറ്റും ബിജെപി നേടി. രാജ് കോട്ടില്‍ 72 ല്‍ 68 സീറ്റും ബിജെപിക്കാണ്. ഭാവ്നഗറില്‍ 52 സീറ്റില്‍ 44 സീറ്റാണ് ബിജെപി നേടിയത്. ജാംനഗറില്‍ 64ല്‍ 50 സീറ്റും വഡോദ്രയില്‍ 72 സീറ്റില്‍ 65 സീറ്റും ബിജെപി നേടി.
അഹമ്മദാബാദ്, ഭാവനഗര്‍, ജംനഗര്‍, രാജ്കോട്ട്, സൂറത്ത്, വഡോദര എന്നീ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് ഞായറാഴ്ചയാണ് തിരഞ്ഞെടുപ്പ് നടന്നത്. എല്ലായിടത്തും ബിജെപി വന്‍ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തി. 2015ലെ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 391 ഉം കോണ്‍ഗ്രസിന് 174 ഉം സീറ്റുകളിലാണ് വിജയിക്കാനായത്.