റിയാദ്: സൗദി പ്രവാസികളുടെ റെസിഡൻറ് പെർമിറ്റായ ഇഖാമ മൂന്നു മാസ കാലയളവിൽ പുതിയത് എടുക്കാനും നിലവിലുള്ളത് പുതുക്കാനും സൗകര്യമൊരുക്കുന്ന പദ്ധതിയുടെ നടപടികൾ ആരംഭിച്ചു. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി അഞ്ച് ഗവൺമെൻറ് വകുപ്പുകളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തര വകുപ്പ്, മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം, സൗദി അതോറിറ്റി ഫോർ ഡാറ്റ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ധനകാര്യം, എണ്ണേതര വരുമാന വികസന കേന്ദ്രം എന്നീ വകുപ്പുകളാണ് ഇതിനായി ഏകോപിച്ച് പ്രവർത്തിക്കുന്നത്.
ഒരു വർഷത്തേക്കുള്ള ഇഖാമ മൂന്നുമാസമോ ആറു മാസമോ കാലത്തേക്ക് മാത്രമായി ലെവിയും ഇഖാമ ഫീസും അടച്ച് എടുക്കാനോ പുതുക്കാനോ സാധിക്കുന്നവിധമാണ് പുതിയ പദ്ധതിയൊരുക്കിയിരിക്കുന്നത്. ഇത് എന്ന് മുതലാണ് പ്രാബല്യത്തിലാവുക എന്നത് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി, സൗദി അതോറിറ്റി ഫോർ ഡാറ്റ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, എണ്ണേതര വരുമാന വികസന കേന്ദ്രം എന്നീ വകുപ്പുകളുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ ആഭ്യന്തര മന്ത്രിയായിരിക്കും തീരുമാനിക്കുക. വിദേശ തൊഴിലാളികളുടെ ഇഖാമ വർഷത്തിൽ പലതവണയായി എടുക്കാനും പുതുക്കാനുമുള്ള അനുമതി സൗദി മന്ത്രിസഭ അടുത്തിടെയാണ് നൽകിയത്. വീട്ടുജോലിക്കാരുടെ ഇഖാമ ഈ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇഖാമ പുതുക്കുന്ന കാലയളവിനനുസരിച്ച് ഫീസ് അടക്കാൻ തൊഴിലുടമക്ക് സാധിക്കും.