മനാമ: ബഹ്റൈൻ ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം (എംടിടി) അന്താരാഷ്ട്ര നിക്ഷേപകർക്കായി ബഹ്റൈൻ മെട്രോ പദ്ധതിയുടെ വെർച്വൽ പ്രദർശനം സംഘടിപ്പിച്ചു. സ്വകാര്യ മേഖലയിലെ നിക്ഷേപകരെ പങ്കെടുപ്പിച്ച് ‘ബഹ്റൈൻ മെട്രോ മാർക്കറ്റ് കൺസൽട്ടേഷൻ’ എന്ന പേരിലാണ് ആഗോള വെർച്വൽ സംഗമം നടത്തിയത്. ഗതാഗത, വാർത്താവിനിമയ മന്ത്രാലയത്തിൻറെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇക്കണോമിക് വിഷൻ 2030ൻറെ ഭാഗമായി ആധുനിക നഗര ഗതാഗത സംവിധാനം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബഹ്റൈൻ മെട്രോ പദ്ധതി വിഭാവനം ചെയ്യുന്നത്. നിക്ഷേപകസംഗമത്തിൽ മെട്രോ പദ്ധതിയുടെ ആദ്യ ഘട്ടം നിക്ഷേപകർക്ക് പരിചയപ്പെടുത്തി.
100ലധികം കമ്പനികളെ പ്രതിനിധാനംചെയ്ത് 300ഓളം പേർ സംഗമത്തിൽ പങ്കെടുത്തു. ഉന്നത നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യമൊരുക്കി നിക്ഷേപ മേഖലയിൽ ബഹ്റൈന്റെ സ്ഥാനം കൂടുതൽ ശക്തമാക്കുന്ന സ്വപ്നപദ്ധതിയാണ് ബഹ്റൈൻ മെട്രോ എന്ന് യോഗത്തിൽ സംസാരിച്ച ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ പറഞ്ഞു. ബഹ്റൈനിലെ പ്രധാനപ്പെട്ട സ്ഥലങ്ങളെ കോർത്തിണക്കുന്ന മെട്രോ പദ്ധതി ഗതാഗതരംഗത്ത് മുന്നേറ്റമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി മികച്ച രീതിയിൽ പൂർത്തിയാക്കുന്നതിന് സ്വകാര്യ മേഖലയുടെ സഹകരണവും തേടുകയാണെന്ന് ഗതാഗത, വാർത്താ വിനിമയ മന്ത്രി കമാൽ ബിൻ അഹ്മദ് മുഹമ്മദ് പറഞ്ഞു. രാജ്യത്തിൻറെ സാമ്പത്തിക മുന്നേറ്റം ഉറപ്പുവരുത്താൻ ഉപരിതല, വ്യോമ, സമുദ്ര ഗതാഗതം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിവരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
109 കിലോമീറ്റർ നീളത്തിൽ രാജ്യത്തെ നിർണായക സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന വിധമാണ് മെട്രോ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ 28.6 കിലോമീറ്റർ നീളത്തിലാണ് മെട്രോ പദ്ധതി നടപ്പാക്കുന്നത്. രണ്ടു പാതകളിലായി 20 സ്റ്റേഷനുകളാണ് ആദ്യ ഘട്ടത്തിൽ ഉണ്ടാവുക. രണ്ടു പാതകളെയും ബന്ധിപ്പിക്കുന്ന രണ്ട് ഇൻറർചേഞ്ചുകളും ഉണ്ടാകും.
ബഹ്റൈൻ ഇൻറർനാഷനൽ എയർപോർട്ടിൽനിന്ന് മനാമ വഴി സീഫ് ഡിസ്ട്രിക്ട് വരെയുള്ള റെഡ് കോറിഡോറും ജുഫൈർ മുതൽ എജുക്കേഷനൽ ഏരിയ വരെയുള്ള ബ്ലൂ കോറിഡോറുമാണ് ആദ്യ ഘട്ടത്തിലെ രണ്ടു പാതകൾ. ജുഫൈറിൽനിന്ന് തുടങ്ങി ഡിപ്ലോമാറ്റിക് ഏരിയ-മനാമ-അൽ ഫാറൂഖ്-സൽമാനിയ-ഇസ ടൗൺ വഴിയാണ് ബ്ലൂ കോറിഡോർ എജുക്കേഷനൽ ഏരിയയിൽ എത്തുക. ബാബുൽ ബഹ്റൈൻ, സെൻട്രൽ മാർക്കറ്റ് സ്റ്റേഷനുകളിലാണ് ഇൻറർചേഞ്ച് ഉണ്ടാവുക. ബഹ്റൈനിലെ പ്രധാന താമസ, വിദ്യാഭ്യാസ, വ്യാപാരകേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഈ പാതകൾ യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടും.