മനാമ: യുവ നർത്തകിയുടെ മനോഹരമായ കഥ പറയുന്ന ‘മയൂരം’ എന്ന നൃത്ത–സംഗീത വിഡിയോ ആൽബം യൂട്യൂബിൽ രണ്ട് ലക്ഷത്തിലധികം കാഴ്ചക്കാരുമായ മുന്നേറുന്നു. ബഹ്റൈനിൽ ഇവന്റ് മാനേജ്മെന്റ് പ്രൊഡക്ഷൻ കമ്പനി നടത്തുന്ന വയനാട് സ്വദേശി അജിത് നായർ ഛായാഗ്രഹണവും സംഗീതവും സംവിധാനവും നിർവഹിച്ച ആൽബത്തിൽ ദേവികാ തുളസിയാണ് പ്രധാന കഥാപാത്രമായ നർത്തകിയെ അവതരിപ്പിച്ചിരിക്കുന്നത്. കുഞ്ഞുനാളു തൊട്ടേ നൃത്തത്തോട് അഭിനിവേശം പ്രകടിപ്പിച്ച ഒരു പെൺകുട്ടി ഒടുവിൽ മികച്ചൊരു നർത്തകി ആയിത്തീരുന്ന പ്രമേയം ദൃശ്യ- സംഗീത ചാരുതയോടെയാണ് മയൂരത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.
കൊല്ലം സ്വദേശികളായ തുളസീധരൻ പിള്ള–അനിത ദമ്പതികളുടെ മകളായ ദേവിക തുളസി ബഹ്‌റൈനിൽ പ്ലസ് ടു വിദ്യാർഥിനിയാണ്. കൈതപ്രത്തിന്റെ വരികൾക്ക് കെ.എസ്. ഹരിശങ്കർ ആലപിച്ച ആൽബം പൂർണമായും ബഹ്‌റൈനിലാണ് ചിത്രീകരിച്ചത്. സംഗീത സംവിധായകൻ എം. ജയചന്ദ്രൻ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയായിരുന്നു ആൽബം പുറത്തിറക്കിയത്. നാഷനൽ ജ്യോഗ്രഫി ചാനലിൽ സയൻസ് വിഭാഗത്തിൽ ക്യാമറാമാനായിരുന്ന അജിത് നായർ നേരത്തെയും നിരവധി വിഡിയോ ആൽബങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതാദ്യമായാണ് ബഹ്‌റൈൻ പ്രവാസലോകത്തു നിന്നും ഒരു ആൽബം ഇത്രയും ജനപ്രീതി കൈവരിച്ചു മുന്നേറുന്നത്.