മനാമ: മാർച്ച് 26 മുതൽ 28 വരെ നടക്കുന്ന ഫോർമുല വൺ ബഹ്റൈൻ ഗ്രാൻഡ് പ്രീ മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപന ആരംഭിച്ചു. കോവിഡ് വാക്സിൻ സ്വീകരിക്കുകയോ കോവിഡ് മുക്തരാവുകയോ ചെയ്തവർക്കു മാത്രമേ ഇത്തവണ പ്രവേശനം അനുവദിക്കൂവെന്ന് ബഹ്റൈൻ ഇൻറർനാഷനൽ സർക്യൂട്ട് (ബി.ഐ .സി) അറിയിച്ചു.
Bahraingp.com എന്ന വെബ്സൈറ്റ് വഴിയാണ് ടിക്കറ്റ് വിൽപ്പന. മൂന്ന് ദിവസത്തെ മത്സരങ്ങൾ കാണാൻ 100 ദിനാറാണ് ടിക്കറ്റ് നിരക്ക്. എല്ലാ സ്റ്റാൻഡുകളിലും ഒരേ നിരക്കായിരിക്കും.
കോവിഡ് വാക്സിൻ സ്വീകരിച്ചവർക്കും കോവിഡ് മുക്തർക്കും ബി അവെയർ ആപ്പിൽ ലഭിക്കുന്ന സുരക്ഷിത അടയാളമായ പച്ച ബാഡ്ജ് കാണിച്ചാലേ പ്രവേശനം അനുവദിക്കൂ. വാക്സിൻ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് രണ്ടാഴ്ച കഴിഞ്ഞും കോവിഡ് മുക്തർക്ക് സ്ഥിരീകരിച്ച തീയതി മുതൽ രണ്ടാഴ്ച കഴിഞ്ഞുമാണ് ബാഡ്ജ് ലഭിക്കുക. കോവിഡ് മുക്തരായി എട്ടുമാസമായവർക്കും ടിക്കറ്റിന് അർഹതയുണ്ട്. വാക്സിൻ ഒരു ഡോസ് മാത്രം എടുത്തവർക്ക് പ്രവേശനമില്ല. ബി അവെയർ ആപ്പിൽ പച്ച ബാഡ്ജ് കാണാത്തവർ 444 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും ബി.ഐ.സി അറിയിച്ചു.
സുരക്ഷിത രീതിയിൽ മത്സരങ്ങൾ ആസ്വദിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഫോർമുല വൺ ആസ്വദിക്കാൻ അവസരമൊരുക്കി ടിക്കറ്റ് വിൽപന ആരംഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ബി.ഐ.സി ചീഫ് എക്സിക്യൂട്ടിവ് ശൈഖ് സൽമാൻ ബിൻ ഈസ അൽ ഖലീഫ പറഞ്ഞു.
കഴിഞ്ഞ നവംബറിലും ഡിസംബറിലുമായി രണ്ട് ഫോർമുല വൺ മത്സരങ്ങൾക്ക് ബഹ്റൈൻ വേദിയായിരുന്നു. കോവിഡിനെത്തുടർന്ന് കഴിഞ്ഞ മാർച്ചിൽ നടത്താനിരുന്ന മത്സരമായിരുന്നു നവംബറിലേക്ക് മാറ്റിയിരുന്നത്. ടിക്കറ്റ് വിൽപനയും യോഗ്യതയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് Bahraingp.com എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.