റിയാദ്: സൗദി കിഴക്കന്‍ പ്രവിശ്യയിലെ റാസ് തനൂറ തുറമുഖത്തെ എണ്ണ സംഭരണ ടാങ്കിനും ദഹ്‌റാനിലെ അരാംകോ റെസിഡന്‍ഷ്യല്‍ ഏരിയയ്ക്കും നേരെ ഉണ്ടായ ഹൂതി ആക്രമണത്തെ വിവിധ രാജ്യങ്ങളും സംഘടനകളും അപലപിച്ചു. ബഹ്‌റൈൻ, യുഎഇ, ഖത്തര്‍, ഈജിപ്ത്, കുവൈത്ത്, പലസ്തീന്‍, ജിബൂത്തി തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളും ഗള്‍ഫ് സഹകരണ കൗണ്‍സില്‍, അറബ് പാര്‍ലമെന്റ് മുസ്ലിം വേള്‍ഡ് ലീഗ്, ഒഐസി എന്നീ സംഘടനകളും ഹൂതി ആക്രമണത്തെ അപലപിക്കുകയും സൗദി അറേബ്യയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
ലോകത്തിലെ പ്രധാന എണ്ണ ഷിപ്പിങ് തുറമുഖങ്ങളിലൊന്നായ റാസ് തനൂറയിലെ പെട്രോളിയം ടാങ്ക് ഫാമുകളിലൊന്നിന് നേരെ ഞായറാഴ്ച രാവിലെയാണ് ഹൂതികളുടെ ഡ്രോണ്‍ ആക്രമണം ഉണ്ടായത്. വൈകിട്ടുണ്ടായ മറ്റൊരു ആക്രമണത്തില്‍ ബാലിസ്റ്റിക് മിസൈലിന്റെ ഭാഗങ്ങള്‍ ദഹ്‌റാനിലെ അരാംകോ റെസിഡന്‍ഷ്യല്‍ ഏരിയയ്ക്ക് സമീപം പതിച്ചു. രണ്ട് ആക്രമണങ്ങളും ലക്ഷ്യത്തിലെത്തും മുമ്പ് അറബ് സഖ്യസേന തകർത്തു. ആക്രമണങ്ങളില്‍ ആര്‍ക്കും പരിക്കോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് അറബ് സഖ്യസേന വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍കി അല്‍ മാലികി അറിയിച്ചിരുന്നു.
സൗദിയിലെ എണ്ണ സംഭരണ ടാങ്കുകളുടെ യാര്‍ഡുകള്‍ക്കും ദഹ്‌റാനിലെ അരാംകോ സ്ഥാപനത്തിനും നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നെന്നും സുപ്രധാന സ്ഥാപനങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണം അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിക്കുന്നതാണെന്നും ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. അടുത്തിടെയുണ്ടായ ഇത്തരം ആക്രമണങ്ങള്‍ രാജ്യാന്തര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും ലംഘനമാണെന്ന് യുഎഇ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.