മനാമ: 2006 ലെ ലേബർ മാർക്കറ്റ് റെഗുലേറ്ററി നിയമം ഭേദഗതി ചെയ്‌ത്, വിദേശികൾക്ക് അക്കാദമിക്, യൂണിവേഴ്സിറ്റി യോഗ്യതകൾ വേണ്ട ജോലികൾക്ക് വർക്ക് പെർമിറ്റ് അനുവദിക്കാൻ ബന്ധപ്പെട്ട അതോറിറ്റികളിൽ നിന്നുള്ള യഥാർത്ഥ യോഗ്യതാ സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കുവാനൂള്ള ബില്ലാണ് ബഹ്‌റൈൻ പാർലിമെൻറ് അംഗീകരിച്ചത്. ബിൽ സർക്കാരിൻ്റെ പരിഗണനക്ക് സമർപ്പിച്ചു. അന്തിമ തീരുമാനം സർക്കാരിൻ്റെ അംഗീകാരത്തിന് വിധേയമായിരിക്കും.
ഡോക്ടർമാർ, ഫാർമസിസ്റ്റുകൾ, അധ്യാപകർ, എഞ്ചിനീയർമാർ തുടങ്ങിയ സ്ഥാനങ്ങളിൽ യോഗ്യതയില്ലാത്ത വിദേശികൾ ഉയർത്തുന്ന അപകടസാധ്യതകൾ എടുത്തുകാണിച്ചു കൊണ്ടായിരുന്നു വിഷയം ഉന്നയിച്ചത്. പാർലിമെന്റ് അംഗം അബ്ദുൽനാബി സൽമാന്റെ നേതൃത്വത്തിൽ അഞ്ചു എം പി മാരാണ് വിഷയം അവതരിപ്പിച്ചത്. യോഗ്യത സംബന്ധിച്ച അഭാവം തൊഴിലിന്റെ കാര്യക്ഷമതയെ ബാധിക്കുന്നതാണെന്ന് ഇവർ പറഞ്ഞു. ഇതിന്റെ ദൂഷ്യഫലങ്ങൾ രാജ്യത്തെ ജനതക്ക് ആഘാതമാവുമെന്നും ഇവർ കൂട്ടിച്ചേർത്തു,