മനാമ: ബഹ്‌റൈനിലെ തിരുവല്ല നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് അസോസിയേഷൻ ഓഫ് തിരുവല്ല (FAT) 23 വര്ഷം പിന്നിടുന്നവേളയിൽ സ്നേഹഭവനം പദ്ധതിയിലൂടെ വീട് നിർമിച്ചു നൽകി. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിവരുന്ന സംഘടന കഴിഞ്ഞ വർഷം പ്രഖ്യാപിച്ചതാണ് ‘സ്നേഹ ഭവനം’ പദ്ധതി. ഈ പദ്ധതിയിൽ ആദ്യ വീടിനായി അപേക്ഷകൾ ഓൺലൈൻ മാധ്യമങ്ങളിലൂടെയും ക്ഷണിക്കുകയും അപ്രകാരം ലഭിച്ച അപേക്ഷകളിൽ നിന്നും ഏറ്റവും യോഗ്യതയുള്ള കടപ്ര പഞ്ചായത്ത് മൂന്നാം വാർഡ് പടിഞ്ഞാറെ മാമ്പ്ര സുഭദ്രാമ്മയെ തിരഞ്ഞെടുത്തു.
വീട് നിർമ്മിച്ചുനൽകുന്നതിലേക്കു FAT നു എല്ലാവിധ സഹായങ്ങളും നൽകിയത് ബഹ്‌റൈനിലെ പ്രമുഖ വ്യവസായിയും ഈ വർഷത്തെ പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവുമായ ശ്രീ കെ ജി ബാബുരാജനായിരുന്നു.
ലോകം കീഴടക്കിയ കോവിഡ് മഹാമാരി കാലത്തു ഇത്തരം ഒരു കാരുണ്യ പ്രവർത്തനം ഭംഗിയായി നടത്തുവാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പ്രസിഡന്റ് ശ്രീ റോബി ജോർജിന്റെയും സെക്രട്ടറി ശ്രീ അനിൽ പാലയിലിന്റെയും നേതൃത്വത്തിലുള്ള ഭരണസമിതി.
ഫെബ്രുവരി 26 ന് കേരള പൊതുമരാമത് മന്ത്രി ജി സുധാകരൻ വീടിന്റെ താക്കോൽദാന കർമം നിർവഹിച്ചു. FAT ഭവന പദ്ധതി കൺവീനർ ശ്രീ കെ ഓ വർഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ. R സനൽകുമാർ, തോമസ് വർഗീസ് എന്നിവർ ആശംസകൾ അറിയിച്ചു. FAT റിട്ടേൺസ് ഫോറം കൺവീനർ ശ്രീ തോമസ് കാട്ടുപറമ്പിൽ സ്വാഗതവും ശ്രീ സുരേഷ് നന്ദി പ്രസംഗവും നടത്തി.