മനാമ: തുടർചികിത്സക്കായി നാട്ടിലേക്ക് മടങ്ങിയ ഭോജണ്ണ ചോപ്പാരിക്ക് സഹായവുമായി ഹോപ് ബഹ്റൈൻ. സ്വകാര്യ ക്ലീനിങ് കമ്പനി തൊഴിലാളിയായ ഭോജണ്ണ സൽമാനിയ ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. കോവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഭോജണ്ണക്ക് ഒരുമാസത്തിനുശേഷവും കോവിഡ് നെഗറ്റിവ് ആകാഞ്ഞതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ക്ഷയം സ്ഥിരീകരിക്കുകയായിരുന്നു.
രണ്ടുമാസത്തിലേറെ നീണ്ട ആശുപത്രിവാസത്തിനുശേഷം കോവിഡ് നെഗറ്റിവായ അദ്ദേഹം നാട്ടിലേക്കുള്ള യാത്രക്കായി എയർപോർട്ടിൽ എത്തിയപ്പോൾ അവശനായി വീണതിനെ തുടർന്ന് വീണ്ടും സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
മൂന്നുമാസത്തിലേറെ നീണ്ട ചികിത്സക്ക് ശേഷം കഴിഞ്ഞ ദിവസം ഭോജണ്ണ ജന്മനാട്ടിലേക്ക് യാത്രയായി. തുച്ഛമായ വേതനത്തിന് ജോലിചെയ്യുന്ന അദ്ദേഹത്തിെൻറ സാമ്പത്തികനില പരിതാപകരമാണെന്ന് മനസ്സിലാക്കിയ ഹോപ് പ്രവർത്തകർ സാധ്യമായ സഹായം നൽകാൻ തീരുമാനിക്കുകയായിരുന്നു. രണ്ട് പെൺമക്കൾ അടങ്ങുന്ന കുടുംബത്തിന് 1.28 ലക്ഷം രൂപ സഹായം നൽകി.