സ്വകാര്യ മേഖലയില്‍ 5000 സ്വദേശികൾക്ക് തൊഴില്‍ നല്കാന് സാധിച്ചതായി തൊഴില്‍, സാമൂഹിക ക്ഷേമ കാര്യ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ വ്യക്തമാക്കി. രണ്ടാമത് സ്വദേശി തൊഴില്വത്കരണ പദ്ധതിയുടെ ഭാഗമായാണ് ഇത്രയും പേര്‍ക്ക് തൊഴില്‍ നല്കാന് സാധിച്ചത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ നിര്‍ദേശ പ്രകാരമാണ് രണ്ടാമത് സ്വദേശി തൊഴില്‍ വത്കരണ പദ്ധതി ആവിഷ്കരിച്ചത്.
ഇതിൻറെ ഭാഗമായി 1874 സ്വദേശികള്‍ക്ക് തൊഴില്‍ പരിശീലനവും നല്കി. തൊഴില്‍ വിപണിയുടെ ആവശ്യങ്ങള്ക്കനുസൃതവും തൊഴിലന്വേഷകര്‍ക്ക് അനുയോജ്യമായതുമായ പരിശീലന പരിപാടികളാണ് നടപ്പാക്കിയത്. വരും മാസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കാനുള്ള പദ്ധതികള്‍ക്ക് രൂപരേഖ തയാറാക്കിയിട്ടുള്ളതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.