ന്യൂഡൽഹി: 67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാള സിനിമ ഇത്തവണ 11 പുരസ്‌കാരങ്ങളാണ് സ്വന്തമാക്കിയത്. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം മികച്ച സിനിമയ്ക്കുള്ള പുരസ്‌കരം നേടി. മികച്ച നടിക്കുള്ള പുരസ്‍കാരം കങ്കണ റണൗത്തിനാണ്. മണികര്‍ണിക: ദി ക്വീന്‍ ഓഫ് ഝാന്‍സി, പങ്ക എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‍കാരം. അതേസമയം മികച്ച നടനുള്ള പുരസ്‍കാരം ധനുഷും(അസുരൻ) മനോജ് വാജ്പെയിയും (ഭോസ്‍ലെ) പങ്കിട്ടു. മികച്ച സഹനടനുള്ള പുരസ്‌കാരം സൂപ്പര്‍ ഡിലക്‌സ് എന്ന ചിത്രത്തിലെ അഭിനയത്തിന് വിജയ് സേതുപതി സ്വന്തമാക്കി.
മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത കള്ളനോട്ടം സ്വന്തമാക്കി. ഹെലനിലൂടെ മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം മാത്തുകുട്ടി സേവിയര്‍ നേടി. മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം ജല്ലിക്കട്ടിലൂടെ ഗിരീഷ് ഗംഗാധരന്‍ സ്വന്തമാക്കി. മലയാള ചിത്രം ബിരിയാണി സംവിധാനം ചെയ്ത സാജൻ ബാബു പ്രത്യേക ജൂറി പരാമർശത്തിന് അർഹനായി. മരയ്ക്കാറിലെ കോസ്റ്റിയൂം ഡിസൈനിങ്ങിനും പുരസ്‌കാരമുണ്ട്. സ്‌പെഷ്യല്‍ ഇഫക്ടിനുള്ള പുരസ്‌കാരം മരക്കാറിലൂടെ സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍ സ്വന്തമാക്കി.