മനാമ: ഫോർമുല വൺ ബഹ്റൈൻ ഗ്രാൻഡ് പ്രീ മത്സരത്തിനായി സമഗ്രമായ ഗതാഗത പദ്ധതി സജ്ജമാക്കിയതായി ട്രാഫിക് ബ്രിഗേഡിയർ ഡയറക്ടർ ജനറൽ ഷെയ്ഖ് അബ്ദുൾറഹ്മാൻ ബിൻ അബ്ദുഹാബ് അൽ ഖലീഫ അറിയിച്ചു. ഫോർമുല വൺ വേദിയിലേക്കുള്ള റോഡുകളിൽ ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനായി ആഭ്യന്തരമന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ നിർദ്ദേശത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതി. ഗതാഗത പദ്ധതി നടപ്പാക്കാനുള്ള എല്ലാ നടപടിക്രമങ്ങളും സജീവമാക്കിയിട്ടുണ്ടെന്നും റോഡ് വഴിതിരിച്ചുവിടൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. കൺട്രോൾ റൂം വഴി അന്താരാഷ്ട്ര പരിപാടിക്കുള്ള ഡയറക്ടറേറ്റിന്റെ സന്നദ്ധത, ആവശ്യമായ ഉപകരണങ്ങൾ ഉപയോഗിച്ച് പട്രോളിംഗിനെ സജ്ജമാക്കുക, അപകടങ്ങൾ കൈകാര്യം ചെയ്യാൻ ഒരു ഓഫീസ് അനുവദിക്കുക തുടങ്ങിയ കാര്യങ്ങൾ ഒരുക്കിയതായി മന്ത്രി അറിയിച്ചു. മാർച്ച് 26 മുതൽ 28 വരെയാണ് ബഹ്റൈൻ ഗ്രാൻഡ് പ്രീ മത്സരങ്ങൾ. കോവിഡ് വാക്സിൻ സ്വീകരിച്ചവർക്കും കോവിഡ് മുക്തരായവർക്കുമാണ് ഇത്തവണ പ്രവേശനം അനുവദിക്കുന്നത്.