തിരുവനന്തപുരം: കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദയും ഇന്ന് കേരളത്തിലെത്തും. ഇന്ന് രാവിലെ വർക്കലയിലെത്തുന്ന രാജ്‌നാഥ് സിംഗ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിക്കായി റോഡ് ഷോ നടത്തും. ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ ധർമ്മടം, നാട്ടിക, തൊടുപുഴ, നേമം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികളുടെ റോഡ് ഷോയിൽ പങ്കെടുക്കും. റോഡ് ഷോയ്ക്ക് ശേഷം രാജ്‌നാഥ് സിംഗ് ശിവഗിരിയിലെ മഹാസമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷം സ്വാമിമാരുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് ശേഷം അദ്ദേഹം പുതുപ്പള്ളി, ഇരിഞ്ഞാലക്കുട, എറണാകുളം മണ്ഡലങ്ങളിലെ പര്യടന പരിപാടികളിൽ പങ്കെടുക്കും.