ഐസ്ക്രീം പാർലർ പെൺവാണിഭക്കേസിൽ കുഞ്ഞാലിക്കുട്ടിക്ക് സംസ്ഥാനസർക്കാരിന്‍റെ ക്ലീൻ ചിറ്റ്. കേസിലെ അന്വേഷണം വർഷങ്ങൾക്ക് മുന്നേ അവസാനിച്ചതാണ്. അതിൽ ഇനി വേറെ ഒരു അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നും സർക്കാർ വ്യക്തമാക്കി. ഐസ്ക്രീം പാർലർ കേസ് അന്വേഷണം അവസാനിപ്പിക്കാനുള്ള പൊലീസ് റിപ്പോർട്ട് അംഗീകരിച്ച മജിസ്ട്രേറ്റ് കോടതി വിധിക്കെതിരെ അച്യുതാനന്ദൻ നൽകിയ പുനഃപരിശോധനാ ഹർജി തള്ളണമെന്ന് സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു.
2017- ഡിസംബർ 23-ലെ കോഴിക്കോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഐസ്ക്രീം പാർലർ കേസിലെ അന്വേഷണം അവസാനിപ്പിക്കാനുള്ള ഉത്തരവിട്ടത്. മുൻ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെട്ട കേസിൽ ബന്ധു കെ എ റൗഫ് നടത്തിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ കേസ് സിബിഐ അന്വേഷിക്കണമെന്നായിരുന്നു വിഎസ്സിന്‍റെ ആവശ്യം.