മനാമ: 2021 സീസണിലെ ആദ്യ ഫോർമുല വൺ ഗ്രാൻ്റ് പ്രീ മത്സരത്തിൽ ലോക ചാമ്പ്യനായ മെഴ്സിഡസ് താരം ലൂയിസ് ഹാമിൽട്ടന് ജയം. ബഹ്റൈൻ ഇൻ്റർനാഷണൽ സർക്യൂട്ടിൽ നടന്ന കലാശ പോരാട്ടത്തിൽ മൂന്ന് പരിശീലനയോട്ടങ്ങളിലും യോഗ്യതാ മത്സരത്തിലും ഒന്നാമനായിരുന്ന റെഡ്ബുൾ താരം മാക്സ് വെഴ്സ്റ്റാപ്പന് വിജയം നഷ്ടമായത് 0.745 സെക്കൻ്റ്കളുടെ വ്യത്യാസത്തിൽ.
ഓരോ ലാപും മാറി മാറി കാണികളെ മുൾമുനയിൽ നിർത്തിയ ത്രസിപ്പിച്ച അവസാന അഞ്ച് ലാപ്പിലെ ശക്തമായ പോരാട്ടത്തിനൊടുവിൽ ലോക ചാമ്പ്യൻ വിജയം കാണുകയായിരുന്നു. കരിയറിലെ 96 മത്തേതും ബഹ്റൈനിലെ അഞ്ചാമത്തേതുമായ ജയമാണ് 7 തവണ ലോക ചാമ്പ്യനായ ഹാമിൽട്ടൻ ഒരു സെക്കൻ്റ് പോലുമില്ലാത്ത സമയത്തിൻ്റെ വ്യത്യാസത്തിൽ സ്വന്തമാക്കിയത്.
ഈ ജയത്തോടെ മുൻ ലോക ചാമ്പ്യൻ മൈക്കൽ ഷുമാക്കറുടെ 5,111 ലാപുകളിൽ ലീഡ് ചെയ്തെന്ന ലോക റെക്കോർഡും ഹാമിൽട്ടൻ തകർത്തു. ബഹ്റൈനിലെ ഇൻ്റർനാഷണൽ സർക്യൂട്ടിൽ നടന്ന ഗ്രാൻറ് പ്രീകളിലും കൂടുതൽ ജയം നേടിയ താരം ഹാമിൽട്ടനാണ്.
ഒരു മണിക്കൂർ 32 മിനിറ്റ് 3.897 സെക്കൻ്റുകളിലാണ് മെഴ്സിഡസിനായി ലൂയിസ് ഹാമിൽട്ടൻ 56 ലാപ്പുകൾ കടന്ന് ഫിനിഷിംഗ് പോയിൻ്റ് തൊട്ടത്. വെറും 0.745 സെക്കൻ്റുകളുടെ വ്യത്യാസത്തിൽ റെഡ്ബുൾ താരം മാക്സ് വെഴ്സ്റ്റാപ്പൻ രണ്ടാമതായും 37.383 സെക്കൻ്റുകളുടെ വ്യത്യാസത്തിൽ വാൾട്ടേരി ബൊട്ടാസ് (മെഴ്സിഡസ്), 46.466 സെക്കൻ്റുകളിൽ ലാൻ്റോ നോരിസ് (മക്ലാരൻ), 52.047 സെക്കൻ്റിൽ സെർജിയോ പെരേസ് (റെഡ്ബുൾ) എന്നിവരും ഫിനിഷ് ചെയ്തു. പിറ്റ് ലൈനിൽ നിന്നും ഉയർത്തെണീറ്റ് അഞ്ചാമതായി ഫിനിഷ് ചെയ്ത സെർജിയോ പെരേസ് കൂടുതൽ വോട്ടുകൾ നേടി ‘ഡ്രൈവർ ഓഫ് ദി ഡേ’ പട്ടം സ്വന്തമാക്കി.
ഈ സീസണിലെ 23 റേസുകളിൽ ആദ്യത്തേതായിരുന്നു ബഹ്റൈനിലേത്. സീസണിലെ ആദ്യ ജയത്തോടെ 25 പോയിൻ്റുമായി വീണ്ടുമൊരു ചാമ്പ്യൻ പട്ടത്തിലേക്കുള്ള ആത്മവിശ്വാസത്തോടെയാണ് ഹാമിൽട്ടൺ തുടങ്ങുന്നത്. ഏപ്രിൽ 16 മുതൽ 18 വരെ ഇറ്റലിയിലാണ് രണ്ടാം അങ്കം. ഇതാദ്യമായി സൗദി അറേബ്യയും ഇത്തവണ ഗ്രാൻഡ്പ്രീ മത്സരങ്ങൾക്ക് വേദിയാകുന്നുണ്ട്.
ഡിസംബർ മൂന്ന് മുതൽ അഞ്ച് വരെയാണ് സൗദി ഗ്രാൻഡ്പ്രീ മത്സരങ്ങൾ അരങ്ങേറുന്നത്. ഡിസംബർ 10 മുതൽ 12 വരെ അബുദാബിയിൽ നടക്കുന്ന 23-ാം മത്സരത്തോടെയാണ് ഈ സീസൺ അവസാനിക്കുക. എട്ടാമതൊരു ചാമ്പ്യൻപട്ടം നേടി ഹാമിൽട്ടൻ ലോക റെക്കോർഡ് തകർക്കുമോ എന്നതും കാത്തിരുന്ന് കാണേണ്ടതാണ്. നിലവിൽ മുൻ താരം മൈക്കിൾ ഷുമാക്കറിനും ലൂയിസ് ഹാമിൽട്ടനും ഏഴ് വീതം കിരീടങ്ങളാണുള്ളത്.