മനാമ: കോവിഡ് -19 മഹാമാരി പ്രതിസന്ധി തീർത്തപ്പോൾ സേവനസന്നദ്ധരായി രംഗത്തുവന്ന ബഹ്റൈൻ കേരള സോഷ്യൽ ഫോറം (ബി.കെ.എസ്.എഫ്) കമ്യൂണിറ്റി ഹെൽപ്ലൈനിൻറെ പ്രവർത്തനങ്ങൾ ഒരു വർഷം പിന്നിടുന്നു. ഇക്കാലയളവിൽ ആയിരക്കണക്കിന് ആളുകൾക്ക് സഹായം എത്തിക്കാനായതിൻറെ ചാരിതാർഥ്യത്തിലാണ് ഹെൽപ്ലൈൻ പ്രവർത്തകർ.
കഴിഞ്ഞവർഷം മാർച്ച് 27നാണ് ഹെൽപ്ലൈൻ പ്രവർത്തനം ആരംഭിച്ചത്. കോവിഡ് വ്യാപനത്തെത്തുടർന്ന് അതുവരെ നേരിട്ടിട്ടില്ലാത്ത അനുഭവങ്ങൾക്കാണ് ബഹ്റൈനിലെ സ്വദേശികൾക്കൊപ്പം പ്രവാസി സമൂഹവും സാക്ഷ്യംവഹിച്ചത്. വ്യാപാര സ്ഥാപനങ്ങൾ പ്രതിസന്ധിയിലായി. പലർക്കും തൊഴിൽ നഷ്ടമായി. വിമാന സർവിസ് ഇല്ലാത്തതിനാൽ സന്ദർശക വിസയിൽ എത്തിയവർ തിരിച്ചുപോകാൻ കഴിയാതെ കുടുങ്ങി. ശമ്പളം കിട്ടാതെ ഒരുനേരത്തെ ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടുന്നവരുടെ ദയനീയ യാഥാർഥ്യങ്ങൾ ബി.കെ.എസ്.എഫ് പ്രവർത്തകരെ തേടിയെത്തി. സഹായം തേടിയുള്ള ഫോൺ കാളുകളുടെ എണ്ണം ദിനംപ്രതി വർധിച്ചുവന്നു.
ഈ സാഹചര്യത്തിലാണ് സഹജീവികളായ പ്രവാസി സഹോദരങ്ങളെ സഹായിക്കാനുള്ള ദൗത്യം ഏറ്റെടുത്ത് കമ്യൂണിറ്റി ഹെൽപ്ലൈന് തുടക്കം കുറിച്ചതെന്ന് രക്ഷാധികാരി ബഷീർ അമ്പലായി പറഞ്ഞു. ബഹ്റൈനിലെ വിവിധ മേഖലകളിലുള്ളവർ കൂട്ടായ്മയിൽ അംഗങ്ങളാണ്.
തുടർന്നങ്ങോട്ട് വിശ്രമമില്ലാത്ത ദിനങ്ങളായിരുന്നു. ഓരോ ഫോൺ കാളും വിലപ്പെട്ടതായിരുന്നു. ബഹ്റൈൻറെ ഒരുവിധം എല്ലാ ഭാഗങ്ങളിലും സഹായവുമായി പ്രവർത്തകർ എത്തി. ഭക്ഷണ കിറ്റുകളും മരുന്നും സാന്ത്വന വാക്കുകളുമൊക്കെയായി സഹായം പ്രവഹിച്ചു. കോവിഡ് പരിശോധനക്ക് ആളുകളെ കൊണ്ടുപോകുന്നതിന് വാഹന സൗകര്യം ഏർപ്പെടുത്തി. വിമാന സർവിസ് ആരംഭിച്ചപ്പോൾ ചാർേട്ടഡ് വിമാന സർവിസ് നടത്തിയതിനൊപ്പം വിമാനത്താവളത്തിൽ യാത്രക്കാർക്ക് സഹായികളായും ഹെൽപ്ലൈൻ പ്രവർത്തകർ എത്തി.
ഫെബ്രുവരിയിൽ തന്നെ ബി.കെ.എസ്.എഫ് സേവന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിരുന്നു. നാട്ടിൽനിന്ന് മാസ്ക് എത്തിച്ച് വിതരണം ചെയ്യുകയായിരുന്നു തുടക്കത്തിൽ. പിന്നീടാണ് സേവനം വിവിധ തലങ്ങളിലേക്ക് വ്യാപിപ്പിച്ചത്. സേവനം ഒരുവർഷം പിന്നിടുേമ്പാഴും കർമനിരതരായി ഹെൽപ്ലൈൻ പ്രവർത്തകർ രംഗത്തുണ്ട്.