മനാമ: സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് പ്രസിഡന്റും ടാസ്‌ക്‌ഫോഴ്‌സ് മേധാവിയുമായ ലെഫ്റ്റനൻ്റ് ജനറൽ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ സാഖിറിലെ റാഷിദ് ഇക്വസ്ട്രിയൻ ഹോഴ്സ് റേസിംഗ് ക്ലബ്ബിലെ പുതിയ ഡ്രൈവ് ത്രൂ കോവിഡ് പരിശോധന കേന്ദ്രം ഉദ്ഘാടനം ചെയ്‌തു. ആരോഗ്യമന്ത്രി ഫഈഖ ബിൻത് സെയ്ദ് അൽ സാലിഹ്, കൊറോണ വൈറസിനെ നേരിടാനുള്ള ദേശീയ ടാസ്‌ക്ഫോഴ്‌സ് അംഗങ്ങൾ, ആരോഗ്യ മേഖലയിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
കൊറോണ വൈറസിനെ ഇല്ലാതാക്കാനായി ദേശീയ തലത്തിൽ നടത്തുന്ന പോരാട്ടങ്ങൾക്ക് മികച്ച പിന്തുണ നൽകുന്ന കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു . കോവിഡ് പരിശോധന ഫലങ്ങൾ വേഗത്തിൽ ലഭ്യമാകുന്നതിനും കാത്തിരിപ്പു സമയം കുറയ്ക്കുന്നതിനുമായാണ് കൂടുതൽ പരിശോധന കേന്ദ്രങ്ങൾ ആരഭിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു . ലോക ആരോഗ്യ സംഘടനയുടെ നിർദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ചു കൊണ്ട് പരിശോധനയുടെ വ്യാപ്തി വിപുലീകരിക്കുന്നതിനാണ് പുതിയ പരിശോധന കേന്ദ്രങ്ങൾ ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.