റായ്പുർ: ശനിയാഴ്ച ഛത്തീസ്ഗഢില്‍ നടന്ന മാവോയിസ്റ്റ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ എണ്ണം എട്ടായി. 18 ജവാന്മാരെ കാണാനില്ലെന്നും മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്‍ ഡിജി അശോക് ജുനേജ അറിയിച്ചു. സുരക്ഷാ സേനയും മാവോയിസ്റ്റുകളും ബിജാപുരിലുണ്ടായ ഏറ്റുമുട്ടലില്‍ 23 ജവാന്മാർക്ക് പരിക്കേറ്റു.
ഒരാഴ്ചക്കുള്ളില്‍ ഇത് രണ്ടാമത്തെ ആക്രമണമാണ് സൈന്യത്തിന് നേരെ ബസ്തറില്‍ മാവോയിസ്റ്റുകള്‍ നടത്തുന്നത്. ശനിയാഴ്ച സൈനികര്‍ സഞ്ചരിച്ച ബസ് കുഴി ബോംബുവെച്ച് മാവോയിസ്റ്റുകള്‍ തകര്‍ക്കുകയായിരുന്നു. 25 ജവാന്മാരാണ് ബസിലുണ്ടായിരുന്നത്. ഡ്രൈവര്‍ ഉള്‍പ്പടെയുള്ള സൈനികരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ ഹെലികോപ്റ്ററില്‍ റായ്പ്പൂരിലെ ആശുപത്രിയില്‍ എത്തിച്ചു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ റോഡില്‍ നിന്ന് തെറിച്ച ബസ് തൊട്ടടുത്ത കുഴിയിലേക്ക് വീണു. പ്രദേശത്ത് സൈന്യം നടത്തിയ തിരച്ചിലിനിടെ ഉണ്ടായ ഏറ്റുമുട്ടലിലാണ് പിന്നീട് ഒരു മാവോയിസ്റ്റിനെ വധിച്ചത്.