മനാമ: കർബാബാദ് കടൽത്തീരം ശുചീകരിക്കുന്നതിന് പ്രവർത്തനങ്ങൾ ഊർജിതമാക്കി. കടൽത്തീരത്ത് മാലിന്യം അടിഞ്ഞുകൂടുന്നതിനെതിരെ പരാതി ഉയർന്ന സാഹചര്യത്തിലാണ് പൊതുമരാമത്ത് മന്ത്രാലയത്തിൻറെ നേതൃത്വത്തിൽ ശുചീകരണ പ്രവൃത്തി ആരംഭിച്ചത്.
മന്ത്രാലയത്തിലെ മുനിസിപ്പാലിറ്റി കാര്യ അണ്ടർ സെക്രട്ടറി ശൈഖ് മുഹമ്മദ് ബിൻ അഹ്മദ് ആൽ ഖലീഫയും കാപിറ്റൽ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് സാദ് അൽ സഹ്ലിയും ബീച്ച് സന്ദർശിച്ച് പ്രവൃത്തികൾ വിലയിരുത്തി.
രാജ്യത്തെ ബീച്ചുകൾ വൃത്തിയായി സൂക്ഷിക്കുന്നതിന് മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് അണ്ടർസെക്രട്ടറി പറഞ്ഞു. കർബാബാദ് ബീച്ചിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ബീച്ച് മലിനപ്പെടുത്തുന്നത് തടയാൻ കാപിറ്റൽ മുനിസിപ്പാലിറ്റി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്ന് മുഹമ്മദ് സാദ് അൽ സഹ്ലി പറഞ്ഞു. ദിവസവും രണ്ടുനേരം ശുചീകരണ പ്രവൃത്തി നടത്തുന്നുണ്ട്.