മനാമ: രൂപയുടെ മൂല്യമിടിഞ്ഞതോടെ ദിനാർ-രൂപ വിനിമയ നിരക്കിലെ നേട്ടം പ്രയോജനപ്പെടുത്തി പ്രവാസികള്‍. ഉയര്‍ന്ന നിരക്ക് ലഭ്യമായതോടെ മിക്ക ധനവിനിമയ സ്ഥാപനങ്ങളിലും നാട്ടിലേക്ക് പണമയയ്ക്കുന്നതിനായി പ്രവാസികളുടെ തിരക്ക് അനുഭവപ്പെടുന്നുണ്ട്. നേരിട്ട് ബ്രാഞ്ചുകളിൽ പോവാതെ തന്നെ ഓൺലൈനായി ആപ്പുകൾ പണമയക്കാനുള്ള സംവിധാനവും നിരവധി പേർ പ്രയോജനപ്പെടുത്തുന്നുണ്ട്.
നാട്ടിലേക്ക് പണംഅയയ്ക്കുന്നത് വര്‍ധിച്ചതായി പണമിടപാട് സ്ഥാപനങ്ങളും വ്യക്തമാക്കി. ഒരു ദിനാറിന് 197 രൂപ 35 പൈസയാണ് ഇന്ന് ലുലു എക്സ്ചേഞ്ചിൻ്റെ ലുലു മണി ആപ്പിൽ ഉപഭോക്കാക്കൾക്കായി നൽകുന്ന നിരക്ക്. സമീപകാലത്ത് രേഖപ്പെടുത്തിയ ഏറ്റവും മികച്ച വിനിമയ നിരക്കാണിത്. റമദാനും വിഷുവും ഒരുമിച്ചെത്തിയതും നാട്ടിലേക്കുള്ള പണമയക്കാനുള്ള പ്രവാസികൾക്ക് ഗുണകരമായി. കൊവിഡ് പ്രതിസന്ധിയോടെ ഏതാനും മാസങ്ങളായി ദിനാറിന് വിനിമയ നിരക്ക് 193 രൂപയില്‍ താഴെയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ മികച്ച നിരക്ക് ലഭിച്ചത് പ്രവാസികള്‍ക്ക് നേട്ടമാകുന്നത്. രാജ്യാന്തര വിപണയില്‍ അസംസ്‌കൃത എണ്ണവിലയില്‍ വര്‍ധനവുണ്ടായതും ഡോളര്‍ കരുത്താര്‍ജിച്ചതുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഭൂരിഭാഗം പേരും വീട്ടുചെലവുകള്‍ക്ക് വേണ്ടിയാണ് നാട്ടിലേക്ക് പണമയച്ചതെങ്കില്‍ ചെറിയൊരു വിഭാഗം ആളുകള്‍ നിക്ഷേപം മുന്‍നിര്‍ത്തി പണമയച്ചവരാണ്.
 
								 
															 
															 
															 
															 
															








