മനാമ: പുതുതായി നിയമിതനായ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) സി.ഇ.ഒ ജമാൽ അബ്ദുൽ അസീസ് അൽ അലാവിയുമായി തൊഴിൽ, സാമൂഹിക ക്ഷേമ മന്ത്രിയും എൽ.എം.ആർ.എ ചെയർമാനുമായ ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ കൂടിക്കാഴ്ച നടത്തി. പുതിയ ചുമതലയിൽ അൽ അലാവിക്ക് എല്ലാവിധ ആശംസകളും മന്ത്രി നേർന്നു. തൊഴിൽ മേഖലയിൽ ക്രിയാത്മക മാറ്റമുണ്ടാക്കാൻ എൽ.എം.ആർ.എ നടത്തിയ ഇടപെടലുകൾ മന്ത്രി എടുത്തുപറഞ്ഞു.
പൗരന്മാർക്ക് പ്രാമുഖ്യം നൽകിയ സുസ്ഥിരവും സന്തുലിതവുമായ തൊഴിൽ വിപണിയെന്ന ലക്ഷ്യം കൈവരിക്കാനുള്ള ശ്രമങ്ങൾ തുടരണം. തൊഴിൽ മന്ത്രാലയവും എൽ.എം.ആർ.എയും വിവിധ സർക്കാർ ഏജൻസികളും തൊഴിലുടമകളും തമ്മിൽ ശക്തമായ സഹകരണം അനിവാര്യമാണ്. തുടക്കം മുതൽ എൽ.എം.ആർ.എ ഈ രീതി പിന്തുടരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. തൊഴിൽ വിപണിയെ ശക്തിപ്പെടുത്തുന്നതിനും മുന്നോട്ട് നയിക്കുന്നതിനും സാധ്യമായതെല്ലാം ചെയ്യുമെന്ന് അൽ അലാവി ഉറപ്പ് നൽകി.
								
															
															
															
															
															








