മനാമ: ബഹ്‌റൈനില്‍ നിന്നും ആര്‍ദ്ര പ്രണയത്തിന്റെ നിറമേഴും ചാര്‍ത്തി പുതുമയാര്‍ന്ന സംഗീത ആല്‍ബം ‘മഴവില്ല്’ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ആര്‍ കെ മ്യുസിക്കിന്റെ ബാനറില്‍ രജി കെ വീട് നിര്‍മ്മിച്ച് കോണ്‍വെക്‌സ് മീഡിയ ബഹ്‌റൈന്‍ അണിയിച്ചൊരുക്കിയ ‘മഴവില്ല്’ ആല്‍ബത്തില്‍ പ്രവാസ ലോകത്തെ ശ്രദ്ധേയ ഗായിക രോഷ്നി രജിയാണു ഗാനം ആലപിച്ചിരിക്കുന്നത്.
തിരുവല്ല സ്വദേശി റജിയുടേയും സിന്ധുവിന്റെയും മകളായ രോഷ്‌നി, ബഹ്‌റൈനില്‍ നടന്നിട്ടുള്ള നിരവധി ഗാനമേളകളില്‍ പാടിയിട്ടുണ്ട്. വിവിധ ആല്‍ബങ്ങളിലും ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. രഞ്ജിഷ് മുണ്ടക്കല്‍ രചനയും സംവിധാനവും എഡിറ്റിങ്ങും നിര്‍വ്വഹിച്ച മഴവില്ലിന്റെ ഛായാഗ്രഹണം അജിത് നായരാണ്.
ഇരട്ട സഹോദരിമാരായ ഗോപികാ ബാബു, ദേവികാ ബാബു എന്നിവരുടെ മികച്ച പ്രകടനമാണ് ഈ ആല്‍ബത്തിന്റെ മറ്റൊരു പ്രത്യേകത. ഇരിങ്ങാലക്കുട സ്വദേശിയായ കെ.ജി. ബാബുവിന്റെയും ജുമയുടേയും മക്കളായ ഈ മിടുക്കികള്‍ ബഹ്‌റൈനില്‍ നടന്നിട്ടുള്ള ചിത്രരചനയടക്കം നിരവധി മല്‍സരങ്ങളില്‍ സമ്മാനാര്‍ഹരായിട്ടുണ്ട്. കൂടാതെ മനു കൃഷ്ണകുമാറും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു.
പ്രശസ്ത കവയിത്രി ശീലക്ഷ്മിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് മനു മോഹനനാണ്. ഷിബിന്‍ പി. സിദ്ദിക്കിന്റെ (ഡ്രീംസ് ഡിജിറ്റല്‍ മീഡിയ) മനോഹരമായ പശ്ചാത്തല സംഗീതത്തിലും റെക്കോര്‍ഡിങ്ങിലും പുറത്തിറങ്ങിയ ഈ ആല്‍ബത്തില്‍ കെ ജെ ലോയിഡ്, ശശി കുന്നിട, ഗൗതം മഹേഷ്, അനഘ ശരത് എന്നിവര്‍ അണിയറയിലും പിന്നണിയിലും പങ്കെടുത്തു. ബഹ്‌റൈനില്‍ പൂര്‍ണ്ണമായും ചിത്രീകരിച്ചിരിക്കുന്ന മഴവില്ല് ഏപ്രില്‍ 21 നാണ് റിലീസായത്.