മനാമ: ഇന്ത്യയില്‍ സൗജന്യ വാക്‌സിന്‍ എല്ലാവര്‍ക്കും ഉറപ്പാക്കാത്ത നടപടി ആശങ്കയുണ്ടാക്കുന്നതാണെന്ന് ഭൂമിക ബഹ്‌റൈന്‍ അഭിപ്രായപ്പെട്ടു. രോഗം വ്യാപിക്കുന്നത് തടയാന്‍ വാക്‌സിന്‍ ഉപകരിക്കുമെന്ന് തെളിഞ്ഞിരിക്കെ രാജ്യത്തെ ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ വാക്‌സിനേഷന്‍ ഊര്‍ജിതമാക്കണം. രാജ്യം അടച്ചിടുമ്പോഴുണ്ടാകുന്ന കോടികളുടെ നഷ്ടം കണക്കിലെടുക്കുമ്പോള്‍ സൗജന്യ വാക്‌സിനേഷന് ചെലവാകുന്ന തുക തുലോം കുറവാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഉറ്റവരുടെയും ഉടയവരുടെയും അവനവന്റെ തന്നെയും ജീവന്‍ നില നിറുത്താന്‍ ഈ ദിവസങ്ങളില്‍ ഇന്ത്യയിലെ മനുഷ്യര്‍ പോരാട്ടത്തിലാണ്. അവസാനത്തെ പ്രതീക്ഷയായ വാക്‌സിന്‍ എല്ലാവരുടെയും അവകാശമാണ്, ആരുടേയും ഔദാര്യമല്ല. അത് എല്ലാവര്‍ക്കുംലഭ്യമാക്കുന്ന നടപടിയില്‍ നിന്നു പിന്മാറുന്ന സര്‍ക്കാര്‍ അവരുടെ ഏറ്റവും മനുഷ്യത്വ വിരുദ്ധമായ മുഖമാണ് കാണിക്കുന്നത്. വാക്സിനുഇപ്പോഴുണ്ടായി വന്ന ചന്തയും പല വിലകളും ഭരണപരമായ കഴിവ് കേടാണ് വെളിവാക്കുന്നത്.
18 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും വാക്സിന്‍ ലഭ്യമാക്കുമെന്ന പ്രഖ്യാപനത്തിലൂടെ മനുഷ്യാഭിമുഖ്യമുള്ള സര്‍ക്കാര്‍ ആണെന്ന് കേരള സർക്കാർ വീണ്ടും തെളിയിക്കുന്നു. അതിനാല്‍ , കേരള മുഖ്യ മന്ത്രിയുടെ വാക്സിന്‍ ചലഞ്ചിനെ പിന്തുണയ്ക്കാന്‍ നല്ലവരായ എല്ലാ മനുഷ്യ സ്‌നേഹികളും മുന്നോട്ടു വരണമെന്ന്ഭൂമിക ബഹ്റൈന്‍ പ്രസിഡണ്ട് ഇ എ സലീം, സെക്രട്ടറി ബഷീർ എൻ പി എന്നിവർ പുറത്തിറക്കിയ വാർത്താകുറിപ്പിലൂടെ അഭ്യർത്ഥിച്ചു.