മനാമ: മത വിദ്വേഷം പരത്തുന്നതിനെതിരെ പുതിയനിയമം രൂപപ്പെടുത്താൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ നിർദ്ദേശം നൽകി. ഉത്തരവാദിത്വ പൂർണമായ സ്വതന്ത്ര പത്രപ്രവർത്തനം ഉറപ്പാക്കുക, മാധ്യമപ്രവർത്തകരുടെ അവകാശം ഉറപ്പാക്കുക, വെറുപ്പും മത വിദ്വേഷവും പരത്തുന്നതിനെതിരെ അന്താരാഷ്ട്ര കരാർ രൂപപ്പെടുത്തുക തുടങ്ങിയവയാണ് പുതിയ നിയമം വഴി ഉദ്ദേശിക്കുന്നത്.
അന്താരാഷ്ട്ര മാധ്യമ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രത്യേക പ്രസ്താവനയിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. സ്വതന്ത്രവും സുതാര്യവും നീതിപൂർവവുമായ മാധ്യമ പ്രവർത്തനം ഉറപ്പാക്കുന്നതിന് സംരക്ഷണം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈൻ മാധ്യമങ്ങൾ അന്താരാഷ്ട്ര മര്യാദകളും നിയമങ്ങളും പാലിക്കുന്നുണ്ടെന്നുള്ളത് അഭിമാനകരമാണ് എന്നും അദ്ദേഹം പറഞ്ഞു. റമദാൻ അവസാന പത്ത് നന്മകൾ നേടിയെടുക്കാൻ വിശ്വാസി സമൂഹത്തിന് സാധ്യമാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.