മനാമ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഓക്സിജൻ ക്ഷാമത്തിന് അറുതി വരുത്താൻ ജീവകാരുണ്യ സംഘടനയായ തണലും മുന്നിട്ടിറങ്ങുന്നു. കേരളത്തിലേക്കും കർണാടകയിലേക്കുമാണ് തണൽ ഓക്സിജൻ സിലിണ്ടറുകൾ നൽകുന്നത്. ഒരു ഓക്സിജൻ സിലിണ്ടറിന് 80 ദീനാറാണ് നിശ്ചയിച്ചിരിക്കുന്നത്. തണൽ വിഭവസമാഹരണ ദിനമായ മേയ് ഏഴിന് പരമാവധി ആളുകളിലേക്ക് വിഷയം എത്തിച്ച് സഹായങ്ങൾ ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്. സഹകരിക്കാൻ ആഗ്രഹിക്കുന്നവർ 33433530, 33172285 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
വടകര കേന്ദ്രമായ തണൽ കോവിഡ് പ്രതിസന്ധി ഉണ്ടാക്കിയ പ്രയാസങ്ങൾ മൂലം കഷ്ടപ്പെടുന്ന നിരാലംബരും അവശരുമായ രോഗികളെ സഹായിക്കാൻ കോഴിക്കോട് ഇഖ്റ ആശുപത്രിയുമായി ചേർന്ന് വിപുല പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഇതിനകം നിരവധി വെൻറിലേറ്ററുകൾ നൽകാനും ആയിരക്കണക്കിന് രോഗികളെ സൗജന്യമായി ചികിത്സിക്കാനും കഴിഞ്ഞു. ‘എമർജൻസി ഒാക്സിജനോടെ ഒരു ജീവൻ രക്ഷിക്കുക’ എന്ന ശീർഷകത്തിൽ ഓക്സിജൻ ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങളാണ് തണൽ നടത്തുന്നത്.