മനാമ: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വിവിധ മേഖലകളിലെ ഇൻഡോർ സേവനങ്ങൾ തുറന്നു പ്രവർത്തിപ്പിക്കാൻ തീരുമാനമായി. ഈദ് അൽ ഫിത്തർ അവധിക്കാലത്തിന്റെ ആദ്യ ദിവസം മുതലാണ് സേവനങ്ങൾ പുനരാരംഭിക്കുക. കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കുകയോ കോവിഡ് രോഗമുക്തി നേടുകയോ ചെയ്തവർക്ക് മാത്രമായി കോവിഡ് നിയമങ്ങൾ പാലിച്ചു കൊണ്ടാവും പ്രവർത്തനങ്ങൾ മുൻപോട്ടു പോകുക. റസ്റ്റാറൻറുകളിലും കഫേകളിലും അകത്തിരുന്ന് ഭക്ഷണം കഴിക്കൽ, ഇൻഡോർ ജിംനേഷ്യങ്ങൾ, ഇൻഡോർ നീന്തൽക്കുളങ്ങൾ, ഇൻഡോർ സിനിമ, സ്പാ, ഇൻഡോർ, ഔട്ട്ഡോർ വിനോദങ്ങൾ, ഗെയിം സെൻററുകൾ, എക്സിബിഷനുകൾ, കോൺഫറൻസുകൾ മുതലായ പരിപാടികൾ, ഇൻഡോർ, ഔട്ട്ഡോർ സ്‌പോർട്‌സ് മത്സരങ്ങളിലെ കാണികൾ എന്നിവയാണ് ഈദ് ദിനം മുതൽ അനുമതി നൽകിയ സേവനങ്ങൾ.
ഗവൺമെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അംഗീകാരത്തോടെ ദേശീയ മെഡിക്കൽ ടാസ്‌ക്ഫോഴ്സ് സുപ്രീം ഹെൽത്ത് കൗൺസിൽ ചെയർമാൻ ഷെയ്ക്ക് മുഹമ്മദ് ബിൻ അബ്ദുള്ള അൽ ഖലീഫ സേവനങ്ങൾ പുനരാരംഭിക്കുമ്പോൾ പിന്തുടരേണ്ട നടപടിക്രമങ്ങൾ പ്രഖ്യാപിച്ചു.
വാക്‌സിൻ സ്വീകരിച്ച സ്വദേശികളും വിദേശികളും ബി വെയർ ആപ്പിൾ ലഭ്യമാകുന്ന ഗ്രീൻ ഷീൽഡ് കാണിക്കണം. ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള പൗരന്മാർക്കും പ്രവാസികൾക്കും അതത് രാജ്യങ്ങളിലെ കോവിഡ് -19 മൊബൈൽ ആപ്പിലെ സർട്ടിഫിക്കറ്റ് കാണിക്കാം. മറ്റു രാജ്യങ്ങളിൽനിന്ന് വാക്‌സിൻ സ്വീകരിച്ച് വരുന്ന സന്ദർശകർക്ക് വിമാനത്താവളത്തിൽ എത്തുമ്പോൾ ലഭിക്കുന്ന അംഗീകാര പത്രം ഹാജരാക്കണം.
കുത്തിവെപ്പെടുക്കുകയോ രോഗമുക്തി നേടുകയോ ചെയ്ത മുതിർന്നവർക്കൊപ്പം എത്തുന്ന 12 വയസ്സിൽ താഴെയുള്ളവർക്കുംഇൻഡോർ സേവനങ്ങൾ ലഭിക്കും. 12നും 17നും ഇടയിൽ പ്രായക്കാരായ എല്ലാ വിഭാഗത്തിലുമുള്ളവർക്ക് പ്രവേശനമുണ്ട്. കുത്തിവെപ്പെടുക്കുകയോ രോഗമുക്തി നേടുകയോ ചെയ്യാത്ത മറ്റു വ്യക്തികൾക്ക് അകം സേവനങ്ങളിലേക്ക് പ്രവേശനമില്ല.
സാമൂഹിക അകലവും മുൻകരുതൽ നടപടികളും പാലിക്കുന്നവർക്ക് റെസ്റ്റോറന്റുകൾ, കഫേകൾ, ജിമ്മുകൾ, സ്‌പോർട്‌സ് ഫീൽഡുകൾ, നീന്തൽക്കുളങ്ങൾ, സിനിമാശാലകൾ തുടങ്ങിയ മേഖലകളിൽ പ്രവേശനം അനുവദിക്കും . പ്രായമായവർ, ഗർഭിണികൾ, മുലയൂട്ടുന്ന സ്ത്രീകൾ, വിട്ടുമാറാത്ത രോഗമുള്ളവർ തുടങ്ങിയവർ ജാഗ്രത പാലിക്കണം എന്നും അധികൃതർ അറിയിച്ചു .