മനാമ: കോവിഡിനെ നേരിടാനുള്ള ശ്രമങ്ങൾ രാജ്യം തുടരുകയാണെന്നും ഈദുൽഫിത്തർ അവധിക്കാലത്ത് എല്ലാം മുൻകരുതൽ നടപടികളും ജനങ്ങൾ പൂർണമായും പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്രൗൺ പ്രിൻസ് സെന്ററിൽ നടന്ന പത്രസമ്മേളനത്തിൽ ടാസ്ക് ഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.
ജനസംഖ്യയുടെ അനുപാതമായി വാക്സിനേഷൻ സ്വീകരിച്ച രാജ്യങ്ങളിൽ നാലാം സ്ഥാനം ആണ് ബഹ്റൈൻ ഉള്ളത് എന്ന് ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോക്ടർ വലീദ് ഖലീഫ അൽ മാനിയ പറഞ്ഞു. രാജ്യത്തെ 74.5% മുതിർന്ന പൗരന്മാർക്ക് വാക്സിൻ നൽകിയതായും ഡോക്ടർ വലീദ് ഖലീഫ അറിയിച്ചു. വൈറസിനെ പ്രതിരോധിക്കുന്നതിനായി നടക്കുന്ന ദേശീയ ശ്രമങ്ങൾ വളരെ പ്രാധാന്യം അർഹിക്കുന്നുവെന്നും ഡോക്ടർ പറഞ്ഞു.
അമിത ആത്മവിശ്വാസവും, മുൻകരുതൽ നടപടികൾ പാലിക്കാൻ കാണിച്ച വിമുഖതയും രാജ്യത്ത് കോവിഡ് വ്യാപനം കൂടാൻ കാരണമായിട്ടുണ്ടെന്ന് ബി ഡി എഫ് ഹോസ്പിറ്റലിലെ കൺസൽട്ടന്റും മൈക്രോബയോളജിസ്റ്റുമായ ഡോക്ടർ മനാഫ് പറഞ്ഞു. പ്രതിരോധം വാക്സിനേഷനുകൾ വൈറസിൽ നിന്നും സംരക്ഷണം നൽകുമെങ്കിലും പൊതുജനാരോഗ്യ സംരക്ഷണത്തിനായി സർക്കാർ നിർദേശിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാനുള്ള ഉത്തരവാദിത്തങ്ങൾ ഓരോരുത്തർക്കും ഉണ്ടെന്നും ഇതിലൂടെ ദേശീയ ശ്രമങ്ങളെ പിന്തുണയ്ക്കാൻ സാധിക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഈദുൽഫിത്തർ അവധിദിവസങ്ങളിൽ ഒത്തുചേരലുകൾ ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും വാക്സിൻ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സൽമാനിയ മെഡിക്കൽ കോംപ്ലക്സ് കൺസൾട്ടന്റും ദേശീയ ടാസ്ക് ഫോഴ്സ് അംഗവുമായ ഡോക്ടർ ജമീല അൽ സൽമാൻ പറഞ്ഞു.രാജ്യത്തെ അംഗീകൃത വാക്സിനുകൾ എല്ലാം സുരക്ഷിതമാണെന്നും കൊവിഡ വകഭേദങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നുണ്ടെന്നും ഡോക്ടർ പറഞ്ഞു.