മനാമ: ഇസ്രയേൽ പാലസ്തീൻ സംഘർഷം പരിഹരിക്കുന്നതിനായി ഈജിപ്തിന്റെ നേതൃത്വത്തിൽ നടക്കുന്ന സമാധാന ശ്രമങ്ങളെ പിന്തുണക്കുന്നതായി ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോക്ടർ അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി പറഞ്ഞു. ഇസ്ലാമിക സഹകരണ സംഘടനയുടെ അടിയന്തര എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പാലസ്തീൻ പ്രദേശങ്ങളിലേക്ക് ഇസ്രയേൽ നടത്തുന്ന ആക്രമണത്തെ ബഹ്റൈൻ ശക്തമായി അപലപിക്കുന്നു എന്നും ബഹ്റൈൻ വിദേശകാര്യ മന്ത്രി പറഞ്ഞു.
സംഘർഷം അവസാനിപ്പിച്ച് ഇരുവിഭാഗങ്ങളും വെടിനിർത്തൽ കരാറിൽ എത്താൻ സൗദി അറേബ്യ, ഈജിപ്റ്റ്, ജോർദാൻ, തുനീഷ്യ തുടങ്ങിയവർ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. കൂടുതൽ അപകടകരമായ ഏറ്റുമുട്ടലുണ്ടായാൽ മേഖലയുടെ സമാധാനത്തിനും സുരക്ഷിതത്വത്തിനും ഭീഷണി ഉണ്ടാകുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.