മനാമ: സോഷ്യൽ വെൽഫെയർ അസോസിയേഷൻ്റെ ജന സേവന വിഭാഗമായ വെൽകെയർ പെരുന്നാൾ ദിനത്തിൽ സംഘടിപ്പിച്ച വെൽകെയർ പെരുന്നാൾ ഒരുമ സംഘാടനത്തിലെ വ്യത്യസ്തതകൊണ്ട് ശ്രദ്ധേയമായി.
‘ആഘോഷങ്ങൾ എല്ലാവരുടേതും ആകട്ടെ’ എന്ന തലക്കെട്ടിൽ കോവിഡ് പ്രതിസന്ധിയിലകപ്പെട്ടവർക്ക് പെരുന്നാൾ ഭക്ഷണം എത്തിച്ചു കൊടുത്തുകൊണ്ടാണ് സോഷ്യൽ വെൽഫെയർ അസോസിയേഷൻ്റെ ജന സേവന വിഭാഗമായ വെൽകെയർ ഈദ് ദിനത്തെ വ്യത്യസ്തമാക്കിയത്. ഓണം, ഈദ്, ക്രിസ്മസ് ദിനങ്ങളോടനുബന്ധിച്ച് ആഘോഷങ്ങൾ എല്ലാവരുടേതുമാകട്ടെ എന്ന തലക്കെട്ടിൽ വെൽകെയർ മുൻ വർഷവും നടത്തിയ സാമൂഹിക സേവന പ്രവർത്തനങ്ങളുടെ തുടർച്ചയെന്നോണമാണ് ഈ ഈദിനും പെരുന്നാൾ ഒരുമ സംഘടിപ്പിച്ചത്. പ്രവാസികൾക്കിടയിൽ സഹവർത്തിത്വത്തിൻ്റെയും സൗഹൃദത്തിൻ്റെയും സഹാനുഭൂതിയുടെയും സാഹോദര്യത്തിൻ്റെയും ഒരുമ വളർത്തുക എന്നതാണ് ഈ പദ്ധതിയിലൂടെ വെൽകെയർ ലക്ഷ്യമിട്ടത്.
കോവിഡ് പ്രതിസന്ധിയിൽ പ്രയാസമനുഭവിക്കുന്ന പ്രവാസികൾ, താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾ, ക്വാറൻ്റൈനിലുള്ളവർ, യു എ ഇ, സൗദി തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രക്കാർ എന്നിങ്ങനെ ബഹ്റൈനിലെ എല്ലാ ഭാഗങ്ങളിലുമുള്ള നൂറുകണക്കിന് പ്രവാസികൾക്കാണ് വെൽകെയർ പെരുന്നാൾ ഒരുമ ഭക്ഷണം എത്തിച്ചു നൽകിയത്. മനാമ, മുഹറഖ്, റിഫ എന്നിങ്ങനെ മൂന്ന് ഏരിയകളിൽ കേന്ദ്രീകരിച്ചാണ് ബഹ്റൈനിലെ എല്ലാ പ്രദേശങ്ങളിലേക്കും വെൽകെയർ പെരുന്നാൾ ഒരുമ കിറ്റ് വിതരണം സാധ്യമാക്കിയത്. സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ, ജനറൽ സെക്രട്ടറി മുഹമ്മദ് എറിയാട് മുഹറഖ് ഏരിയയിൽ മുഹമ്മദലി മലപ്പുറം, റിഫ ഏരിയയിൽ ഫസലുറഹ്മാൻ പൊന്നാനി, മനാമ ഏരിയയിൽ കെ മൊയ്തു, ഹാരിസ് എന്നിവരോടൊപ്പം നൂറോളം വേൽകെയർ വളണ്ടിയർമാരും വിതരണത്തിന് നേതൃത്വം നൽകി.
വെൽകെയർ പ്രഖ്യാപിച്ച പെരുന്നാൾ ഒരുമക്ക് ബഹ്റൈനിലെ പ്രവാസി സമൂഹത്തിൽ നിന്നും ക്രിയാത്മകമായ പ്രതികരണമാണ് ലഭിച്ചത്. ബഹ്റൈനിലെ സുമനസ്സുകളായ പ്രവാസി സമൂഹത്തിൻറെ സഹായം കൊണ്ടു മാത്രമാണ് പെരുന്നാൾ ഒരുമ സാധ്യമാക്കാൻ സോഷ്യൽ വെൽഫെയർ അസോസിയേഷന് സാധിച്ചത്. പെരുന്നാൾ ഒരുമയിൽ കൈകോർത്ത മുഴുവൻ പ്രവാസി സുമനസ്സുകളോടും നന്ദിയും കടപ്പടും രേഖപ്പെടുത്തുന്നതായി സോഷ്യൽ വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറി മുഹമ്മദ് എറിയാട് അറിയിച്ചു.