മനാമ :കള്ളപ്പണ കേസിൽ ഇറാൻ ബന്ധമുള്ള ബാങ്കുകൾക്കെതിരായ കേസ് കോടതിയിലേക്ക് കൈമാറിയതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. 12 ബാങ്കുകൾക്ക് എതിരെ ആണ് നടപടി.
ഇറാനിലെ ഫ്യൂച്ചർ ബാങ്ക്, അനുബന്ധ ഇറാനി ബാങ്കുകൾ എന്നിവയിലെ ഉദ്യോഗസ്ഥർക്കെതിരെ 2008 -2012 കാലയളവിലാണ് പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം നടത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെ നിയമവിരുദ്ധ പ്രവർത്തികൾ ഇവർ നടത്തിയതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
ബാങ്കിങ് ഇടപാടുകൾക്കായി അനധികൃത പണം കൈമാറ്റ സംവിധാനം സ്വീകരിക്കാൻ സെൻട്രൽ ബാങ്ക് ഓഫ് ഇറാൻ, ഫ്യൂച്ചർ ബാങ്കിന് നിർദേശം നൽകിയിരുന്നു. ഇറാനിയൻ സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയ അന്താരാഷ്ട്ര ഉപരോധം മറികടക്കാനും പണത്തിന്റെ ഉറവിടവും കൈമാറ്റവും മറച്ചുവെക്കാനാണ് ഈ രീതി സ്വീകരിച്ചത്. ഫ്യൂച്ചർ ബാങ്കും മറ്റ് ഇറാൻ ബാങ്കുകളും സമാന തലത്തിൽ നടത്തിയ നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. കൂടുതൽ പ്രതികളെ അന്വേഷണത്തിലൂടെ കണ്ടെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ. സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകൾക്കെതിരെ അന്വേഷണം ആരംഭിച്ചത്.