157 പേരുടെ മരണതിനിടയാക്കിയ എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനാപകടത്തിന് പിന്നാലെ നിരവധി രാജ്യങ്ങള്‍ ബോയിങ് 737 മാക്സ് വിമാനങ്ങളുടെ സര്‍വീസ് നിർത്തിവെക്കാനൊരുങ്ങുന്നു. അഞ്ചു മാസങ്ങൾക്കു മുൻപാണ് ഇന്തോനേഷ്യയുടെ ലയര്‍ എയറിന്റെ ഇതേ വിഭാഗത്തിലുള്ള വിമാനം തകര്‍ന്ന് 189 പേര്‍ മരിക്കാനിടയായത്. ഇതോടെയാണ് ഇന്ത്യയും യു എ ഇ യും അടക്കമുള്ള വിവിധ രാജ്യങ്ങളിലെ വ്യോമ ഗതാഗത നിയന്ത്രണ അതോരിറ്റികള്‍ വിമാനം ഉപയോഗിക്കുന്നത് വിലക്കിയത്.
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇത്തരം വിമാനങ്ങള്‍ സര്‍വീസിന് ഉപയോഗിക്കുന്നുണ്ട്. ബോയിങ് 737 മാക്‌സ് 8 ശ്രേണിയിലുള്ള എല്ലാ വിമാനങ്ങളും ഇന്നു നാലു മണിയോടെ സർവീസ് നിർത്തിവെക്കുമെന്ന് ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) കഴിഞ്ഞ ദിവസം വിമാനക്കമ്പനികള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ഇന്ത്യയില്‍ സ്‌പൈസ് ജെറ്റ്, ജെറ്റ് എയര്‍വേസ് തുടങ്ങിയ വിമാനക്കമ്പനികള്‍ നിരവധി ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ സര്‍വീസിനായി ഉപയോഗിക്കുന്നുണ്ട്. ഇവ പിന്‍വലിക്കുന്നതോടെ വിമാന സര്‍വീസുകളില്‍ കുറവ് വരും. ചില സര്‍വീസുകളെങ്കിലും റദ്ദാക്കപ്പെടാനും സാധ്യതയുണ്ട്. യാത്രക്കാരുടെ സുരക്ഷ പരിഗണിച്ചാണ് അടിയന്തര നടപടി സ്വീകരിക്കുന്നതെന്ന് ഡിജിസിഎ വൃത്തങ്ങള്‍ അറിയിച്ചു.
സ്‌പൈസ് ജെറ്റിന് ഈ ശ്രേണിയിലുള്ള 13 ജെറ്റ് വിമാനങ്ങളും ജെറ്റ് എയര്‍വെയ്‌സിന് അഞ്ച് വിമാനങ്ങളുമുണ്ട്. ഈ രണ്ടു കമ്പനികളും ഈ വിമാനങ്ങളുടെ സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണു പ്രാമുഖ്യമെന്ന് സ്‌പൈസ് ജെറ്റ് അറിയിച്ചു. നവീകരണ പ്രവൃത്തികളും സുരക്ഷാ പരിശോധനകളും പൂര്‍ത്തിയാകുന്നതു വരെ വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ അനുവദിക്കില്ല. ബോയിങ് 737 മാക്‌സ് 8 ശ്രേണിയിലുള്ള വിമാനങ്ങളിലെ പൈലറ്റ് മാര്‍ക്ക് 1000 മണിക്കൂറും സഹപൈലറ്റിന് 500 മണിക്കൂറും വിമാനം പറത്തി പരിചയമുണ്ടായിരിക്കണമെന്ന് ഡിജിസിഎ നിര്‍ദേശിച്ചിരുന്നു.
യുഎഇ, കുവൈത്ത്, ഒമാന്‍ എന്നീ ഗൾഫ് രാജ്യങ്ങളും നിയന്ത്രം കൊണ്ടുവന്നിട്ടുണ്ട്. സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് അതത് രാജ്യങ്ങളുടെ സിവില്‍ ഏവിയോഷന്‍ അതോരിറ്റികള്‍ അറിയിച്ചു. ഇന്ന് പുലര്‍ച്ചെ പ്രാദേശിക സമയം രാവിലെ നാല് മണി മുതല്‍ യുഎഇയുടെ വ്യോമ പരിധിയില്‍ ഇത്തരം വിമാനങ്ങള്‍ ഉപയോഗിച്ച് സര്‍വീസ് നടത്തരുതെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഒമാനില്‍ ചൊവ്വാഴ്ച മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വന്നു. നിര്‍ദ്ദേശത്തിന് പിന്നാലെ തങ്ങളുടെ 11 വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിയെന്ന് ഫ്ലൈ ദുബായ് അറിയിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ബോയിങ് 737-800 വിമാനങ്ങള്‍ ഉപയോഗിച്ച് സര്‍വീസുകള്‍ പുനഃക്രമീകരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
ബോയിങ് 737 മാക്സ് വിമാനങ്ങളുടെ സര്‍വീസ് നിരോധിച്ച രാജ്യങ്ങള്‍:
1. ഇന്ത്യ
2. യുഎഇ
3. കുവൈത്ത്
4. ഒമാന്‍
5. യൂറോപ്പ്
6. സിംഗപ്പൂര്‍
7. ഓസ്ട്രേലിയ
8. യു.കെ
9. ചൈന
10. അര്‍ജന്റീന
11. ബ്രസീല്‍
12. കേയ്മൻ ദ്വീപുകൾ
14. ദക്ഷിണ കൊറിയ
15. എത്യോപ്യ
16. ഇന്തോനേഷ്യ
17. മെക്സിക്കോ