രാജ്യത്ത് കോവിഡ് വ്യാപനവും മരണ നിരക്കും വർദ്ധിച്ച സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി ബഹ്റൈൻ. മെയ് 27 രാത്രി മുതൽ ജൂൺ 10 വരെയാണ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരിക. കോവിഡ് പ്രതിരോധ മുന്കരുതലിൻറെ ഭാഗമായി ദേശീയ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.
ഷോപ്പിംഗ് മാളുകളും, റെസ്റ്റോറന്റുകളും കഫേകളും അടക്കമുള്ള എല്ലാ അനുബന്ധ വാണിജ്യ സ്ഥാപനങ്ങളും ഹോം ഡെലിവറി മാത്രമായി പരിമിതപ്പെടുത്തി രണ്ടാഴ്ചത്തേക്ക് അടച്ചിടണം. സലൂൺ, സ്പാ, ബാർബർ ഷോപ്പുകളും അടക്കണം. സ്വകാര്യ ജിമ്മുകൾ സ്വിമ്മിങ് പൂൾ, ബീച്ച് എന്നിവക്കും നിയന്ത്രണങ്ങൾ ബാധകമാണ്. സർക്കാർ ഓഫീസുകളിലെ ഹാജർനില 70 ശതമാനമായി കുറച്ചു വർക്ക് അറ്റ് ഹോം രീതിയിലേക്ക് മാറ്റും. രണ്ടാഴ്ചത്തേക്ക് മുഴുവൻ പൊതുപരിപാടികളും കൂടിച്ചേരലുകളും കർശനമായി വിലക്കിയിട്ടുണ്ട്.
അതേ സമയം ഹൈപ്പർമാർക്കറ്റുകൾ, സൂപ്പർമാർക്കറ്റുകൾ, കോൾഡ് സ്റ്റോറുകൾ, ഫിഷ് ഷോപ്പുകൾ, ബേക്കറി, ഗ്യാസ് സ്റ്റേഷനുകൾ, ആശുപത്രികൾ, എടിഎം മുതലായവ തുറന്നു പ്രവർത്തിക്കും
കോവിഡ് പരിശോധനയ്ക്കായുള്ള പിസിആർ കിറ്റുകൾ ഇറക്കുമതി ചെയ്യാൻ സ്വകാര്യമേഖലയ്ക്ക് ആരോഗ്യ മന്ത്രാലയം അനുമതി നൽകി. റാപിഡ് ടെസ്റ്റ് കിറ്റിന്റെ നിരക്ക് 2 ദിനറായി ചുരുക്കിയിട്ടുണ്ട്. ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. വലീദ് അൽ മാനിയായാണ് ഈക്കാര്യം വ്യക്ത്തമാക്കിയത്. കൊറോണ വൈറസിനെ നേരിടാൻ ദേശീയ മെഡിക്കൽ ടാസ്‌ക്ഫോഴ്‌സ് സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .