മനാമ :വർഷങ്ങളുടെ ദുരിതജീവിതത്തിന് ഒടുവിൽ കാസർകോട് സ്വദേശി മൊയ്തീൻ കുഞ്ഞി തിരികെ നാട്ടിലെത്തി. ഐ സി എഫ് പ്രവർത്തകരുടെ സഹായമാണ് ഇദ്ദേഹത്തിന് തുണയായത്. ആദ്യം സൗദിയിലെത്തിയ മൊയ്തീൻകുഞ്ഞി എട്ടുമാസത്തോളം ഒരു വീട്ടിൽ ജോലി ചെയ്തെങ്കിലും ശമ്പളം കിട്ടിയില്ല. ബഹറിൽ എത്തിയാൽ നല്ല ജോലി കിട്ടും എന്നും അതിനു സഹായിക്കാമെന്നും പാകിസ്ഥാനികൾ പറഞ്ഞതിനെ അടിസ്ഥാനത്തിൽ 20 ദിനാർ നൽകി ബഹറിനിലേക്ക് ഇദ്ദേഹം ഒളിച്ചു കടക്കുകയായിരുന്നു. പാസ്പോർട്ട് പോലുമില്ലാതെ ഇദ്ദേഹം ബഹറിനിലെ പല കഫെറ്റീരിയകളിലും ജോലി ചെയ്തു. ഇതിനിടെ നാട്ടിലേക്ക് പോകണമെന്ന് ആഗ്രഹിച്ചെങ്കിലും രേഖകളില്ലാത്തതിനാൽ നാട്ടിലേക്ക് പോകാൻ സാധിച്ചില്ല.
വിവരമറിഞ്ഞ് ഐ സി എഫ് പ്രവർത്തകർ അദ്ദേഹത്തെ സഹായിക്കാൻ എത്തുകയായിരുന്നു. രേഖകൾ പ്രകാരം ഇദ്ദേഹം സൗദിയിലാനുള്ളത്. അതിനാൽ അധികൃതർക്ക് പിടി കൊടുക്കുക മാത്രമായിരുന്നു രക്ഷ. മാസങ്ങളോളം ഇദ്ദേഹം ജയിലിൽ കിടന്നു. തുടർന്ന് നിരന്തര ഇടപെടലുകൾക്ക് ഒടുവിലാണ് മോചനം സാധ്യമായത്. ഔട്ട്പാസ് ലഭിച്ച മൊയ്തീൻകുഞ്ഞി ചൊവ്വാഴ്ച എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നാട്ടിലേക്ക് മടങ്ങി. ഐസിഎഫ് സാന്ത്വനം വോളണ്ടിയർമാരായ അസീസ്, സാബിർ, അബ്ദുൽസലാം എന്നിവരുടെ നേതൃത്വത്തിൽ ആണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.