മനാമ: കോസ്റ്റൽ ഗാർഡിന്റെ ബോട്ടുമായി ഫിഷിംഗ് ബോട്ട് കൂട്ടിയിടിച്ച് പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെടുകയും ബോട്ടിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്ത കേസിലെ പ്രതികളെ പബ്ലിക് പ്രോസിക്യൂഷൻ ക്രിമിനൽ കോടതിയിൽ ഹാജരാക്കി. ചെമ്മീൻ പിടിക്കാനായാണ് പ്രതികൾ ബോട്ടിൽ എത്തിയത്. രാജ്യത്തെ ജലാശയങ്ങളിൽ നിന്നും ചെമ്മീന് പിടിക്കുന്നത് നിരോധിച്ചിരിക്കുകയാണ്. എന്നാൽ ബോട്ട് ഉടമയുടെ അഭ്യർഥന മാനിച്ചാണ് ഏഷ്യൻ വംശജരായ പ്രതികൾ കടലിൽ ഇറങ്ങിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
മത്സ്യബന്ധനം നിരോധിച്ചിരിക്കുന്ന പ്രദേശങ്ങളിൽ പരിശോധനയ്ക്കായി എത്തിയ ഉദ്യോഗസ്ഥരുടെ ബോട്ടിലേക്ക് പ്രതികൾ ബോട്ടുകൊണ്ട് ഇടിക്കുകയായിരുന്നുവെന്നും അന്വേഷണത്തിൽ തെളിഞ്ഞു. പ്രതികൾ നിരോധന മേഖലയിൽ നിയമവിരുദ്ധ ഉപകരണങ്ങളും ഉപയോഗിച്ചിട്ടുണ്ട്. പ്രോസിക്യൂഷൻ ബോട്ട് പരിശോധിക്കുകയും സംശയിക്കുന്നവരെയും ബോട്ട് ഉടമയെയും ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യാൻ ഉത്തരവിടുകയും ചെയ്തു. മറൈൻ സേഫ്റ്റി ആൻഡ് എൻവയോൺമെന്റ് പ്രൊട്ടക്ഷനിൽ നിന്നും പ്രോസിക്യൂഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.