മനാമ : ഇന്ത്യയും ബഹ്റൈനും തമ്മിൽ ഉള്ള നയതന്ത്ര ബന്ധം ആരംഭിച്ചിട്ട് 50 വർഷം പിന്നിടുന്ന വേളയിൽ ആഘോഷപരിപാടികൾക്ക് ഒരുങ്ങി ഇന്ത്യൻ എംബസി. സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലോഗോ ഡിസൈൻ മത്സരത്തിനുള്ള എൻട്രികൾ ക്ഷണിച്ചു. ഇന്ത്യ- ബഹ്റൈൻ പൗരൻമാർക്ക് മത്സരത്തിൽ പങ്കെടുക്കാം. പരമാവധി മൂന്ന് ഗ്രാഫിക് ഡിസൈനുകൾ വരെ മത്സരത്തിനായി സമർപ്പിക്കാം. തെരഞ്ഞെടുക്കുന്ന ഡിസൈനുകൾ അധികൃതർക്ക് വിതരണം ചെയ്യാനും , സാമൂഹ്യ മാധ്യമങ്ങളിലെ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനും, ഗവൺമെന്റ് വെബ്സൈറ്റിൽ പ്രദർശിപ്പിക്കുവാനുള്ള അധികാരം ഉണ്ടാകുമെന്നും എംബസി അറിയിപ്പിൽ പറയുന്നു.
എല്ലാ എൻട്രികളിലും പേര്, ജനനതീയതി, ദേശീയത, പാസ്പോർട്ട് നമ്പർ, ലോഗോ സംബന്ധിച്ച വിവരണം, ഇമെയിൽ വിലാസം, ടെലിഫോൺ നമ്പർ എന്നിവ ഉൾപ്പെടുത്തണം. മത്സര ആവശ്യത്തിനായി മാത്രമേ സ്വകാര്യ വിവരങ്ങൾ ഉപയോഗിക്കുകയുള്ളൂ എന്നും മന്ത്രാലയം അറിയിച്ചു. 300 ഡിപിഐയും 12 മെഗാപിക്സ ലുമുള്ള ഗ്രാഫിക് ഡിസൈൻ info.bahrain@mea.gov.in എന്ന ഇ മെയിൽ വഴി അയച്ചു നൽകണമെന്നും ഇന്ത്യൻ എംബസി അറിയിച്ചു .ലോഗോ ഡിസൈൻ അയക്കാനുള്ള അവസാന തീയതി ജൂൺ 30 ആണ്.