ന്യൂസിലാൻഡ് മസ്ജിദ് ഭീകരാക്രമണത്തിൽ 9 ഇന്ത്യക്കാരെ കാണാനില്ലെന്ന് ഇന്ത്യൻ എംബസിയുടെ സ്ഥിരീകരണം, വെടിയേറ്റവരിൽ രണ്ടുപേർ ഹൈദരാബാദുകാരെന്ന് ഒവൈസി

terror

വെല്ലിംഗ്‍ടൺ: 49 പേരുടെ മരണത്തിനിടയാക്കിയ ന്യൂസീലൻഡിലെ ക്രൈസ്റ്റ് ചർച്ചിലെ രണ്ട് മുസ്ലീം പള്ളികളിൽ നടന്ന ഭീകരാക്രമണത്തിൽ ഇന്ത്യൻ വംശജരായ ഒൻപത് പേരെ കാണാനില്ലെന്ന് ഇന്ത്യൻ എംബസിയുടെ സ്ഥിരീകരണം. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ നൽകണമെന്ന് ന്യൂസീലൻഡിലെ ഇന്ത്യൻ എംബസി ട്വിറ്ററിൽ കുറിച്ചു. ന്യൂസീലൻഡിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജീവ് കോഹ്‍ലിയും ഇക്കാര്യം സ്ഥിരീകരിച്ചു. ന്യുസിലാൻറ് പ്രധാനമന്ത്രി ജസീന്ത ആർഡൻ ആണ് 49 പേരുടെ മരണസംഖ്യ സ്ഥിരീകരിച്ചത്. ആക്രമണത്തിൽ ഇരുപത് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

മുസ്ലീം മതത്തോട് കടുത്ത വിദ്വേഷമുണ്ടായിരുന്ന വലതുപക്ഷ ഭീകരവാദിയായ ഓസ്ട്രേലിയൻ പൗരനാണ് ആക്രമണം നടത്തിയവരിൽ ഒരാൾ. എത്ര പേർ നേരിട്ട് ആക്രമണം നടത്തിയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.ആക്രമണവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ അടക്കം നാല് പേരെ ന്യൂസീലൻഡ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അതേ സമയം എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ മരിച്ചതായി ട്വീറ്റ് ചെയ്തതിട്ടുണ്ട്. രണ്ട് ഇന്ത്യൻ വംശജർ കൊല്ലപ്പെട്ടെന്നും ഒരാൾ ഗുരുതരാവസ്ഥയിൽ ആണെന്നുമാണ് ട്വീറ്റ്. തന്‍റെ ഒരു സുഹൃത്തിന്‍റെ സഹോദരനെ കാണാനില്ലെന്നും ഒവൈസി ഇന്ത്യൻ സർക്കാരിനെ അറിയിച്ചു.

‘ക്രൈസ്റ്റ്ചർച്ചിൽ നിന്നുള്ള വീഡിയോയിൽ ഒരു അഹ്മദ് ജഹാംഗീറിന് വെടിയേറ്റിട്ടുണ്ടെന്ന് കാണുന്നു. അദ്ദേഹത്തിന്റെ സഹോദരൻ ഇഖ്ബാൽ ജഹാംഗീർ ഹൈദരാബാദിലെ താമസക്കാരനാണ്. അഹ്മദിനു വേണ്ടി അദ്ദേഹം ന്യൂ സീലാൻഡിലേക്ക് പോകണമെന്ന് ആഗ്രഹിക്കുന്നു.’ -ഒവൈസി ട്വീറ്റ് ചെയ്തു. കുടുംബത്തിനു വേണ്ടത് ചെയ്തു നൽകണമെന്ന് വിദേശകാര്യമന്ത്രി സുഷ്മ സ്വരാജിനോട് ഒവൈസി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ന്യൂസീലൻഡ് അധികൃതരുമായി തുടർച്ചയായി ബന്ധപ്പെടുന്നുണ്ടെന്നും കൂടുതൽ വിവരങ്ങൾക്ക് കാത്തിരിക്കുകയാണെന്നുമാണ് വിദേശകാര്യമന്ത്രാലയം അറിയിക്കുന്നത്. ആക്രമണത്തിൽ ഇരയായവരുടെ പേരുവിവരങ്ങളോ മറ്റ് വിശദാംശങ്ങളോ നൽകാനാവുന്ന സ്ഥിതിയിലാണ് കാര്യങ്ങളെന്നും കൃത്യമായ വിവരങ്ങൾ ലഭിച്ച ശേഷം വെളിപ്പെടുത്തുമെന്നും വിദേശകാര്യമന്ത്രാലയത്തിന്‍റെ വാർത്താക്കുറിപ്പിൽ പറയുന്നു.

ലോകത്തെ ഞെട്ടിച്ച ആക്രമണം അക്രമി സ്വന്തം ട്വിറ്റർ അക്കൗണ്ടിലൂടെ ലൈവായി സംപ്രേഷണം ചെയ്യുകയും ചെയ്തു. ഈ ദൃശ്യങ്ങൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ഒരു തോക്കിന്‍റെ മുനയിൽ നിരവധി പേർ മരിച്ചു വീഴുന്ന ദൃശ്യങ്ങളാണ് അക്രമി തത്സമയം പുറത്തുവിട്ടത്. അക്രമി സ്വന്തം തൊപ്പിക്ക് മുകളിൽ വച്ച ക്യാമറയിലൂടെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുകയായിരുന്നു. പട്ടാളവേഷത്തിലെത്തിയ അക്രമി ഓട്ടോമാറ്റിക് റൈഫിളുപയോഗിച്ചാണ് ആക്രമണം നടത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!